കോഴിക്കോട്: സ്‌കൂളുകള്‍ തുറക്കുന്നത് നീണ്ടുപോകുകയാണെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസ് നല്‍കുന്നതിനുള്ള സാധ്യതയാരാഞ്ഞ് വിദ്യാഭ്യാസവകുപ്പ്. ഇതിനുമുന്നോടിയായി, ഇന്റര്‍നെറ്റ്, കേബിള്‍ ടി.വി. സൗകര്യങ്ങളില്ലാത്ത വിദ്യാര്‍ഥികളുടെ എണ്ണം കണക്കാക്കുന്നതിന് നടപടി തുടങ്ങി. അനൗപചാരിക രീതിയിലാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.

സമഗ്രശിക്ഷാകേരളം ബ്ലോക്ക്തല റിസോഴ്സ് കേന്ദ്രങ്ങള്‍ മുഖേനയാണ് വിവരശേഖരണം നടത്തുന്നത്. എല്ലാ സ്‌കൂളുകളില്‍നിന്നും വിവരങ്ങളെടുത്ത് ജില്ലാതലത്തില്‍ ക്രോഡീകരിച്ച് തിങ്കളാഴ്ച സംസ്ഥാനപ്രോജക്ട് ഓഫീസില്‍നിന്ന് ലഭ്യമാക്കുന്ന ഗൂഗിള്‍ ഡ്രൈവില്‍ നല്‍കണമെന്നാണ് നിര്‍ദേശം.

അധ്യാപകരും വിദ്യാര്‍ഥികളും വീടുകളില്‍തന്നെ കഴിയുകയും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഔദ്യോഗികസംവിധാനത്തിലൂടെയുള്ള വിവരശേഖരണത്തിന് പ്രയാസമാണെന്നതിനാലാണ് ബി.ആര്‍.സി.കളെ ചുമതലപ്പെടുത്തിയത്. പല സ്‌കൂളുകളും ക്ലാസ് റൂം വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് വിദ്യാര്‍ഥികളില്‍നിന്ന് വിവരശേഖരണം നടത്തുന്നത്. എന്നാല്‍, നിര്‍ദിഷ്ടസമയപരിധിക്കുള്ളില്‍ വിവരക്രോഡീകരണം നടത്തി സമര്‍പ്പിക്കാന്‍ സാധിക്കുന്ന കാര്യം സംശയമാണെന്നാണ് പ്രിന്‍സിപ്പല്‍മാര്‍ പറയുന്നത്.

ടെലിവിഷന്‍, കേബിള്‍, ഡിഷ്, കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്ഫോണ്‍ എന്നീ സൗകര്യങ്ങളില്ലാത്ത കുട്ടികളുടെ എണ്ണമാണ് ശേഖരിക്കുന്നത്. വിക്ടേഴ്സ് ചാനല്‍, യുട്യൂബ്, സമഗ്ര പോര്‍ട്ടല്‍ തുടങ്ങിയവയിലൂടെ ഓണ്‍ലൈനായി വിദ്യാര്‍ഥികളെ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാനുള്ള സാധ്യത പരിശോധിക്കാനാണ് ഈ വിവരങ്ങളെടുക്കുന്നത്.

വിക്ടേഴ്സ് ചാനല്‍ ലഭ്യമാകാത്ത കുട്ടികള്‍ എത്രശതമാനമുണ്ടെന്നറിയാനുള്ള അന്വേഷണമാണ് ഇപ്പോള്‍ നടത്തുന്നത്. കൃത്യമായ എണ്ണം കിട്ടില്ലെങ്കിലും ഏതാണ്ട് എത്രശതമാനം കുട്ടികള്‍ക്ക് ഈ സൗകര്യമുണ്ടെന്ന് മനസ്സിലാക്കാന്‍ വിവരശേഖരണത്തിലൂടെ കഴിയുമെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ പ്രതീക്ഷ.

കണക്കെടുക്കുന്നത് അനൗപചാരികരീതിയില്‍

ഇപ്പോള്‍ സ്‌കൂളുകളില്‍നിന്ന് നേരിട്ട് കണക്കെടുക്കുന്നതിന് പ്രയാസമുള്ളതിനാല്‍ അധ്യാപകരുമായി ഫോണില്‍ബന്ധപ്പെട്ട് എണ്ണം കണ്ടെത്താനാണ് പറഞ്ഞിരിക്കുന്നത്. അധ്യാപകരുമായി വ്യക്തിപരമായി ബന്ധമുള്ളതിനാല്‍ ക്ലസ്റ്റര്‍ കോഓര്‍ഡിനേറ്റര്‍മാര്‍വഴി വിവരം ശേഖരിച്ച് വിദ്യാഭ്യാസവകുപ്പിന് നല്‍കുകയാണ് എസ്.എസ്.കെ. ചെയ്യുന്നത്. കൃത്യം എണ്ണമല്ല, ഇത്തരംസൗകര്യങ്ങളില്ലാത്ത ഏതാണ്ട് എത്ര കുട്ടികളുണ്ടെന്നാണ് ആരായുന്നത്. അനൗപചാരികരീതിയിലാണ് അതുചെയ്യുന്നത്. ആവുന്നതുപോലെ വിവരങ്ങള്‍നല്‍കാനാണ് അധ്യാപകരോട് പറഞ്ഞിരിക്കുന്നത്.

- ഡോ. എ.പി. കുട്ടിക്കൃഷ്ണന്‍,

സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, സമഗ്രശിക്ഷാകേരളം

Content Highlights: Kerala Education ministry taing measures to cutdown digital divide,Corona virus, Lockdown, Covid-19