തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റല്‍ വിദ്യാഭ്യാസം ആഗോള നിലവാരത്തിലേക്കുയര്‍ത്താന്‍ ലക്ഷ്യമിട്ട് സ്ഥാപിക്കുന്ന ദി കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി എന്ന ഡിജിറ്റല്‍ സര്‍വകലാശാലയ്ക്കുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. അഫിലിയേറ്റഡ് കോളേജുകള്‍ ഉണ്ടാകില്ല. അടുത്ത നിയമസഭാ സമ്മേളനത്തില്‍ സര്‍വകലാശാല നിയമം പാസാക്കും.

ഈ വര്‍ഷം ഏതാനും ഡിപ്ലോമ കോഴ്സുകളാകും ആരംഭിക്കുകയെങ്കിലും അടുത്ത അക്കാദമിക വര്‍ഷം ബിരുദാനന്തര ബിരുദ കോഴ്സുകളും ഗവേഷണവുമുണ്ടാകും. വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ ഡിപ്ലോമ കോഴ്സുകളാകും ഇക്കുറി തുടങ്ങുക. ഇവയുടെ സര്‍ട്ടിഫിക്കറ്റുകളും നിലവിലുള്ള കോഴ്സുകളുടെ സര്‍ട്ടിഫിക്കറ്റുകളും കുസാറ്റിന്റേതാകും.

തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് കേരളയെയാണ് ഡിജിറ്റല്‍ സര്‍വകലാശാലയായി ഉയര്‍ത്തുന്നത്. ഐ.ഐ.ഐ.ടി.എം.കെ.യുടെ വിശാലമായ പുതിയ കാമ്പസാകും സര്‍വകലാശാലയുടേതായി മാറുക. കോഴ്സുകളുടെ ഘടന എങ്ങനെയായിരിക്കണം എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ അക്കാദമിക കൗണ്‍സില്‍ രൂപവത്കരിച്ചശേഷം തീരുമാനിക്കും.

അഞ്ച് സ്‌കൂളുകള്‍

സ്‌കൂള്‍ ഓഫ് കംപ്യൂട്ടിങ്, ഇലക്ട്രോണിക്സ് ഡിസൈന്‍ ആന്‍ഡ് ഓട്ടോമേഷന്‍, ഇന്‍ഫര്‍മാറ്റിക്‌സ്, ഡിജിറ്റല്‍ ബയോ സയന്‍സ്, ഡിജിറ്റല്‍ ഹ്യുമാനിറ്റീസ് എന്നിവയാകും സ്‌കൂളുകള്‍. എം.എസ്സി., എം.ഫില്‍, പിഎച്ച്.ഡി. കോഴ്സുകളാകും ഉണ്ടാവുക. കൂടുതല്‍ സൗകര്യങ്ങളും കോഴ്സുകളും ഏര്‍പ്പെടുത്തും.

മികച്ച സര്‍വകലാശാലകളുമായും വ്യവസായങ്ങളുമായും ലിങ്കേജ് ഉണ്ടാകുമെന്നും. സര്‍വകലാശാലാ ചട്ടത്തിനുള്ള കരട് തയ്യാറായിവരുന്നുവെന്നും കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി നിയുക്ത വി.സി., ഡോ. സജി ഗോപിനാഥ് പറഞ്ഞു.

Content Highlights: Kerala Digital University will not have affiliated colleges