തിരുവനന്തപുരം: ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് കേരളയെ (ഐ.ഐ.ഐ.ടി.എം.കെ) ഡിജിറ്റല്‍ സര്‍വകലാശാലയായി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശചെയ്യും.

'കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നവേഷന്‍ ആന്‍ഡ് ടെക്‌നോളജി' എന്നാകും പേര്. വിവരസാങ്കേതികവിദ്യാ പഠനത്തിന് മുതല്‍ക്കൂട്ടാകുന്ന തരത്തിലാണ് സര്‍വകലാശാല വിഭാവനം ചെയ്തിരിക്കുന്നത്.

സാമ്പത്തികവും ഭരണപരവുമായ സ്വയംഭരണാവകാശമുണ്ടാകും. ഇന്ത്യയിലെയും വിദേശത്തെയും ഏജന്‍സികളുമായി സഹകരിച്ചു ഫണ്ട് ആകര്‍ഷിക്കും. കമ്പനി നിയമം അനുസരിച്ചാണ് ഇപ്പോള്‍ ഐ.ഐ.ഐ.ടി.എം.കെ. പ്രവര്‍ത്തിക്കുന്നത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഈ കമ്പനിയുടെ സ്വത്തുക്കളും വിഭവങ്ങളും ഉപയോഗിക്കാന്‍ പുതിയ സര്‍വകലാശാലയ്ക്ക് അവകാശം നല്‍കും. പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ സ്വത്ത് സര്‍വകലാശാലയുടേതാകും. തോന്നയ്ക്കല്‍ ടെക്‌നോസിറ്റിയില്‍ ഐ.ഐ.ഐ.ടി.എം.കെ.ക്ക് സ്ഥലം അനുവദിച്ചു. 

Content Highlights: Kerala Cabinet Planning a New Digital University for IT Related Studies