ന്യൂഡൽഹി: ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത് മാറ്റിവെച്ച് കേന്ദ്രീയ വിദ്യാലയം. ഏപ്രിൽ 23-ന് നടത്താനിരുന്ന പട്ടിക പ്രസിദ്ധീകരണമാണ് കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ചത്. പുതുക്കിയ തീയതി kvsonlineadmission.kvs.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

ഒന്നാം പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം അവശേഷിക്കുന്ന സീറ്റുകളിലേക്കുള്ള അഡ്മിഷൻ ഏപ്രിൽ 30, മേയ് അഞ്ച് തീയതികളിൽ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. നിലവിലെ സാഹചര്യത്തിൽ ഈ തീയതികളും മാറാൻ സാധ്യതയുണ്ട്. ഏപ്രിൽ 19 വരെയായിരുന്നു ഒന്നാം ക്ലാസ്സ് പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടത്താനുള്ള സമയം.

പ്രവേശന പട്ടികയിൽ ഇടം നേടുന്ന വിദ്യാർഥികളുടെ മാതാപിതാക്കൾ വയസ്സ് തെളിയിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ്, ജാതി, ഭിന്നശേഷി, സെൻട്രൽ സർവീസ് സംബന്ധിച്ച വിവരങ്ങൾ തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

Content Highlights: Kendriya Vidyalaya Class 1 Admission List Release Date Postponed due to Covid-19