യോഗ്യതയ്ക്കനുസരിച്ച് വിദ്യാർഥികൾക്ക് പഠിക്കാനാവുന്ന ഓൺലൈൻ/ഹൈബ്രിഡ് പരിശീലന കോഴ്സുകളുമായി കെൽട്രോൺ. ഐ.ഒ.ടി/ജാവ/പി.എച്ച്.പി, മെഷീൻ ലേണിങ്, പൈത്തൺ, മൾട്ടിമീഡിയ & ആനിമേഷൻ ഫിലിം മേക്കിങ്, വി.എഫ്.എക്സ്, കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിങ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിലാണ് കോഴ്സുകൾ ഒരുക്കിയിട്ടുള്ളത്. ഇതിന് പുറമേ കേരള സർക്കാർ അംഗീകാരമുള്ള ഡി.സി.എ, പി.ജി.ഡി.സി.എ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള കെൽട്രോൺ നോളജ് സെന്ററുകളിൽ കോഴ്സിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഓരോ കോഴ്സുകളിലും വിദ്യാർഥികളുടെ എണ്ണം പരമാവധി 25 ആയി നിജപ്പെടുത്തിയിട്ടുണ്ട്. നേരിട്ട് പരിശീലനം നൽകേണ്ട വിഷയങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർഥികളുടെ വീടിനു സമീപമുള്ള കേന്ദ്രങ്ങളിൽ പരിശീലനം നൽകും. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9188665545 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ksg.keltron.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.

Content Highlights: Keltron to introduce online course