എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്സുകളിലെ മൂന്നാംഘട്ട അലോട്ട്മെന്റ് നടപടികള്‍ ആരംഭിച്ചു. പുതുതായി ഉള്‍പ്പെടുത്തിയ ഫാര്‍മസി, ആര്‍ക്കിടെക്ചര്‍ കോളേജുകളിലേക്ക് ഈ ഘട്ടത്തില്‍ അലോട്ട്മെന്റ് നടത്തുമെന്ന് പ്രവേശനപരീക്ഷാ കമ്മിഷണര്‍ അറിയിച്ചു.

നിലവിലുള്ള ഹയര്‍ ഓപ്ഷനുകള്‍ മൂന്നാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധമായും നടത്തണം. ഹയര്‍ ഓപ്ഷന്‍ പുനഃക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കല്‍ പുതുതായി ഉള്‍പ്പെടുത്തിയ കോളേജ്, കോഴ്സ് എന്നിവയിലേക്ക് ആവശ്യമെങ്കില്‍ ഓപ്ഷന്‍ നല്‍കാന്‍ എട്ടിന് ഉച്ചയ്ക്ക് ഒന്നുവരെ സമയം അനുവദിച്ചു. അലോട്ട്മെന്റ് ഒമ്പതിന് വൈകീട്ട് പ്രസിദ്ധീകരിക്കും.

അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫീസ്/ബാക്കി തുക (ബാധകമെങ്കില്‍) 10മുതല്‍ 15-ന് വൈകീട്ട് നാലുവരെ അടച്ച് കോളേജില്‍ പ്രവേശനം നേടണം. മൂന്നാം അലോട്ട്മെന്റ് സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോളേജുകളിലേക്കുള്ള അവസാന അലോട്ട്മെന്റാണ്.

അലോട്ട്മെന്റ് ലഭിച്ചാല്‍ പ്രവേശനം നേടുകയും പഠനം തുടരുകയുംചെയ്യും എന്നുറപ്പുള്ള കോളേജുകളിലേക്കും കോഴ്സിലേക്കും മാത്രം ഓപ്ഷനുകള്‍ നല്‍കാന്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണമെന്ന് പ്രവേശനപരീക്ഷാകമ്മിഷണര്‍ അറിയിച്ചു.

Content Highlights: KEAM third allotment by november 9