തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് എന്‍ജിനിയറിങ് ആര്‍ക്കിടെക്ചര്‍ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളും സര്‍ക്കാര്‍ ഫാര്‍മസി കോളേജുകളിലെ ബി.ഫാം. കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളും നികത്തുന്നതിനായുള്ള ഓണ്‍ലൈന്‍ മോപ് അപ് അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

23ന് വൈകുന്നേരം നാലുവരെ വിദ്യാര്‍ഥികള്‍ നല്‍കിയ ഓണ്‍ലൈന്‍ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്.

അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ അലോട്ട്‌മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയതും പ്രവേശനപരീക്ഷാ കമ്മിഷണര്‍ക്ക് ഒടുക്കേണ്ടതുമായ ഫീസ്/ബാക്കി തുക 25 മുതല്‍ 27 വരെ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തരമോ ഓണ്‍ലൈന്‍ പേമെന്റ് മുഖേനയോ ഒടുക്കിയ ശേഷം 27ന് വൈകുന്നേരം മൂന്നിന് മുമ്പായി അതത് കോളേജുകളില്‍ പ്രവേശനം നേടണം.

നിശ്ചിത സമയത്തിനുള്ളില്‍ ഫീസ്/അധിക തുക (ബാധകമെങ്കില്‍) ഒടുക്കി കോളേജുകളില്‍ ഹാജരായി പ്രവേശനം നേടാത്ത വിദ്യാര്‍ഥികളുടെ അലോട്ട്‌മെന്റ് റദ്ദാകും.

അലോട്ട്‌മെന്റ് സംബന്ധിച്ച എല്ലാ വിശദാംശങ്ങളും പ്രവേശനപരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: 0471 2525300.

Content Highlights: KEAM Online Mop Up Allotment has been published