തിരുവനന്തപുരം: 2021-22 വര്‍ഷത്തെ കേരള എന്‍ജിനിയറിങ്/ഫാര്‍മസി/ആര്‍ക്കിടെക്ചര്‍/മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ക്കുള്ള അപേക്ഷയില്‍ അപാകമുണ്ടെങ്കില്‍ പരിഹരിക്കാന്‍ അവസരം. വിദ്യാര്‍ഥികള്‍ക്ക് അപേക്ഷയോടൊപ്പം നല്‍കിയ ഫോട്ടോ, ഒപ്പ്, പേര് എന്നിവ പരിശോധിക്കുന്നതിനും ന്യൂനതകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുന്നതിനും അപേക്ഷാഫീസ് കുടിശ്ശിക ഉണ്ടെങ്കില്‍ ഒടുക്കുന്നതിനും അവസരമുണ്ട്. ജൂലായ് 13 ഉച്ചയ്ക്ക് രണ്ടുമുതല്‍ 17ന് ഉച്ചയ്ക്ക് രണ്ടുവരെ വെബ്‌സൈറ്റില്‍ ഇതിനുള്ള അവസരം ലഭിക്കും.

പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള 'KEAM 2021  Candidate Portal' എന്ന ലിങ്കില്‍ അവരവരുടെ അപേക്ഷാ നമ്പറും പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്യുമ്പോള്‍ അപേക്ഷകന്റെ പ്രൊഫൈല്‍ പേജ് ദൃശ്യമാകും. പ്രൊഫൈല്‍ പേജില്‍ അപേക്ഷകരുടെ ഫോട്ടോ, ഒപ്പ്, പേര്, തിരഞ്ഞെടുത്ത കോഴ്‌സുകള്‍ തുടങ്ങിയ വിവരങ്ങള്‍ ദൃശ്യമാകും. പ്രവേശന പരീക്ഷാ കമ്മിഷണറുടെ സൂക്ഷ്മപരിശോധനയില്‍ ഫോട്ടോ, ഒപ്പ്, പേര് എന്നിവയില്‍ കണ്ടെത്തിയ ന്യൂനതകള്‍ പ്രൊഫൈല്‍ പേജില്‍ 'Memo Details' എന്ന മെനു വഴി അപേക്ഷകര്‍ക്ക് അറിയാം.

17ന് ഉച്ചയ്ക്ക് രണ്ടിനു ഈ സൗകര്യം അവസാനിക്കുന്നതാണ്. എല്ലാ അപേക്ഷകരും പ്രൊഫൈല്‍ പേജിലെ വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കണം. വിശദമായ വിജ്ഞാപനത്തിന് പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 0471 2525300.

Content Highlights: KEAM Application correction window open