തിരുവനന്തപുരം: കേരള എന്‍ജിനിയറിങ്/ ഫാര്‍മസി പ്രവേശന പരീക്ഷയുടെ (കീം 2021) അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച് കേരള പ്രവേശന പരീക്ഷാ കമ്മീഷണര്‍. www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ആപ്ലിക്കേഷന്‍ നമ്പറും പാസ് വേര്‍ഡും നല്‍കി വിദ്യാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. കേരളത്തിന് പുറമേ മുംബൈ, ന്യൂഡല്‍ഹി, ദുബായ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളില്‍ വെച്ച് ഓഗസ്റ്റ് അഞ്ചിനാണ് പരീക്ഷ നടക്കുക. 

ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ അപാകതകളുള്ളവര്‍ക്കും അപേക്ഷാ ഫീസിന്റെ ബാക്കി തുക അടയ്ക്കാത്തവര്‍ക്കും അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകില്ല. പ്രൊഫൈലിലെ മെമ്മോ ഡീറ്റൈല്‍സ് ക്ലിക്ക് ചെയ്താല്‍ അപേക്ഷയിലെ അപാകതളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകും. ജൂലായ് 21 ഉച്ചയ്ക്ക് രണ്ടുമണിവരെ അപാകതകള്‍ പരിഹരിക്കാനുള്ള സമയവും നല്‍കിയിട്ടുണ്ട്. 

ആപ്ലിക്കേഷന്‍ നമ്പര്‍ അറിയാത്ത വിദ്യാര്‍ഥികള്‍ക്ക് കാന്‍ഡിഡേറ്റ് പോര്‍ട്ടലിലെ ഫോര്‍ഗറ്റ് ആപ്ലിക്കേഷന്‍ നമ്പറെന്ന ലിങ്ക് ഉപയോഗിച്ച് ആവശ്യമായി വിവരങ്ങള്‍ നല്‍കി ആപ്ലിക്കേഷന്‍ നമ്പര്‍ കണ്ടെത്താം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

Content Highlights: KEAM Admit card published