തിരുവനന്തപുരം: ഈ മാസം 24-ന് നടക്കുന്ന കേരള എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷ (കീം) എഴുതാൻ അപേക്ഷിച്ചവർ ഒന്നര ലക്ഷത്തോളം. കഴിഞ്ഞവർഷം ഒന്നേകാൽ ലക്ഷത്തോളം പേരാണ് അപേക്ഷിച്ചിരുന്നത്.

പരീക്ഷയ്ക്കുവേണ്ട തയ്യാറെടുപ്പുകൾ ആരംഭിച്ച പ്രവേശന പരീക്ഷാ കമ്മിഷണറേറ്റ്, മാർഗനിർദേശങ്ങളുടെ കരട് തയ്യാറാക്കിയിട്ടുണ്ട്. അടുത്താഴ്ച പ്രസിദ്ധീകരിച്ചേക്കും. അതേസമയം റാങ്ക്പട്ടിക തയ്യാറാക്കുന്നത് സംബന്ധിച്ച മാനദണ്ഡത്തിന് അന്തിമാനുമതിയായിട്ടില്ല.

കോവിഡ് സാഹചര്യങ്ങളും ഇതരസംസ്ഥാനങ്ങളിലേക്ക് പഠനത്തിനായി പോകുന്നതിന് വിദ്യാർഥികൾക്ക് താത്‌പര്യം കുറഞ്ഞതും സംസ്ഥാനത്ത് പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിച്ചവരുടെ എണ്ണം വർധിക്കാൻ കാരണമായെന്ന് കരുതുന്നു. കഴിഞ്ഞവർഷം 89,000 പേർ പരീക്ഷയെഴുതിയ സ്ഥാനത്ത് ഇക്കുറിയത് ഒരുലക്ഷത്തിന് മേൽ ആകുമെന്നാണ് കണക്കുകൂട്ടുന്നത്.

ഒരുകേന്ദ്രത്തിൽ പരമാവധി 300 കുട്ടികളെ മാത്രം പരീക്ഷയ്ക്ക് അനുവദിക്കാനാണ് ആലോചന. ഒരു ക്ലാസ്മുറിയിൽ പരമാവധി 20 പേർ. കോവിഡ് പോസിറ്റീവായവർക്കും നിരീക്ഷണത്തിലുള്ളവർക്കും പ്രത്യേകം ക്ലാസ്മുറികൾ അനുവദിക്കും. കേരളത്തിനുപുറത്ത് പരീക്ഷാകേന്ദ്രം ഉണ്ടാകാനിടയില്ല. എന്നാൽ, ദുബായ് പരീക്ഷാകേന്ദ്രമായിരിക്കും.

കഴിഞ്ഞവർഷം 329 പരീക്ഷാകേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ഇത്തവണയത് 400-ഓളം ആകുമെന്നാണ് കരുതുന്നത്.

സി.ബി.എസ്.ഇ. പന്ത്രണ്ടാംക്ലാസ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ പ്രവേശന പരീക്ഷയുടെ മാർക്കുമാത്രം കണക്കിലെടുത്താൽ മതിയെന്നാണ് സംസ്ഥാനം തത്ത്വത്തിൽ തീരുമാനിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ പരിഗണനയിലുള്ള ഇക്കാര്യത്തിന് അംഗീകാരമായാൽ പ്രോസ്പെക്ടസ് പുതുക്കി സർക്കാർ ഉത്തരവിറക്കും. അതേസമയം, കീം പ്രവേശനപരീക്ഷയുടെ മാത്രം അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയ്യാറാക്കുന്നത് സംസ്ഥാന ബോർഡ്പരീക്ഷ പാസായ കുട്ടികളെ ദോഷകരമായി ബാധിക്കുമെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. മുൻവർഷങ്ങളിൽ യോഗ്യതാപരീക്ഷയുടെ മാർക്കും പ്രവേശനപരീക്ഷയുടെ മാർക്കും കണക്കിലെടുത്തായിരുന്നു എൻജിനിയറിങ് റാങ്ക് പട്ടിക തയ്യാറാക്കിയത്.

Content Highlights: KEAM 2021 around one lakh students applied