തിരുവനന്തപുരം: ജൂലായ് 16-ന് നടന്ന കേരള എന്‍ജിനീയറിങ്/ ഫാര്‍മസി പ്രവേശന പരീക്ഷ (KEAM 2020)യില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സ്‌കോര്‍ പ്രസിദ്ധീകരിച്ചതായി പ്രവേശന പരീക്ഷാ കമ്മീഷണര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കാന്‍ഡിഡേറ്റ് പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് സ്‌കോര്‍ പരിശോധിക്കാം.
എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ രണ്ട് പേപ്പറുകളും എഴുതിയ 71742 വിദ്യാര്‍ഥികളില്‍ 56599 പേര്‍ യോഗ്യത നേടിയിട്ടുണ്ട്. ഫാര്‍മസി പ്രവേശന പരീക്ഷ (എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ ഒന്നാം പേപ്പര്‍) എഴുതിയ 52145 വിദ്യാര്‍ത്ഥികളില്‍ 44390 വിദ്യാര്‍ഥികളും യോഗ്യത നേടിയിട്ടുണ്ട്.
എന്‍ജിനീയറിങ് പ്രവേശന പരീക്ഷയിലെ ഏതെങ്കിലും ഒരു പേപ്പര്‍ എഴുതാത്തവരും, ഓരോ പേപ്പറിനും കുറഞ്ഞത് 10 മാര്‍ക്ക് ലഭിക്കാത്തവരും (എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ ഒഴികെ) എന്‍ജിനീയറിങ് വിഭാഗത്തില്‍ അയോഗ്യരാക്കിയിട്ടുണ്ട്. വിവിധ കാരണങ്ങളാല്‍ 2094 വിദ്യാര്‍ത്ഥികളുടെ എന്‍ജിനീയറിങ്് /ഫാര്‍മസി പ്രവേശന പരീക്ഷാഫലം തടഞ്ഞുവച്ചിട്ടുണ്ട്. ഫലം തടഞ്ഞുവയ്ക്കുന്നതിനുള്ള കാരണങ്ങള്‍ പരിഹരിക്കപ്പെടുന്ന മുറയ്ക്ക് ഇത്തരം വിദ്യാര്‍ഥികളുടെ ഫലം പ്രസിദ്ധീകരിക്കുന്നതാണ്.
17.07.2020 -ന് പ്രസിദ്ധീകരിച്ച എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക സംബന്ധമായ പരാതികള്‍ വിദഗ്ദ്ധ സമിതി പരിശോധിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തിയ ശേഷമാണ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടുളളത് (വിശദാംശങ്ങള്‍ക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക).
എന്‍ജിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് അവരുടെ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് (പ്ലസ്ടു, തത്തുല്ല്യം) ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ 03.09.2020 മുതല്‍ 10.09.2020 വരെ cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അവസരം ലഭ്യമാക്കിയിട്ടുണ്ട. ഓണ്‍ലൈന്‍ മാര്‍ക്ക് സമര്‍പ്പണം സംബന്ധിച്ച വിശദമായ വിജ്ഞാപനം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത് കാണുക. മാര്‍ക്ക് ഏകീകരണത്തിനു ശേഷം തയ്യാറാക്കുന്ന എന്‍ജിനീയറിങ്, ഫാര്‍മസി റാങ്ക് ലിസ്റ്റുകള്‍ പിന്നീട് പ്രസിദ്ധപ്പെടുത്തുന്നതാണ്.
Content Highlights: KEAM 2020 scores published at cee.kerala.gov.in