ബെംഗളൂരു: രണ്ടാം വർഷ പി.യു. പരീക്ഷ റദ്ദാക്കിയതിനാൽ പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനം നേടാൻ സി.ഇ.ടി. (പൊതുപ്രവേശനപരീക്ഷ) മാർക്ക് മാനദണ്ഡമാക്കുന്നത് പരിഗണിക്കുമെന്ന് ഉപമുഖ്യമന്ത്രി അശ്വത് നാരായൺ.

മുൻ വർഷങ്ങളിൽ എൻജിനിയറിങ് അടക്കമുള്ള പ്രൊഫഷണൽ കോഴ്സുകളിലേക്ക് പൊതുപ്രവേശനപരീക്ഷയുടെ മാർക്കിനൊപ്പം രണ്ടാംവർഷ പി.യു. മാർക്കുകൂടി പരിഗണിച്ചിരുന്നു.

പരീക്ഷ റദ്ദാക്കിയതിനാൽ രണ്ടാംവർഷ പി.യു. മാർക്ക് പരിഗണിക്കുന്നത് ഒഴിവാക്കണമെന്ന് വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ് കുമാർ ഉന്നത വിദ്യാഭ്യാസവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനനടപടിച്ചട്ടങ്ങളിൽ ഇതിനനുസരിച്ച് മാറ്റങ്ങൾ വരുത്തണം. നിയമവിദഗ്ധരുമായും മുഖ്യമന്ത്രിയുമായും കൂടിയാലോചിച്ച് ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്ന് ഉപമുഖ്യമന്ത്രി അറിയിച്ചു.

പി.യു. പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന് ഉപരിപഠനം സംബന്ധിച്ച ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും അർഹരായ മുഴുവൻ വിദ്യാർഥികൾക്കും ആഗ്രഹിച്ച കോഴ്സുകൾ തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ടാകുമെന്നും ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന ഉപമുഖ്യമന്ത്രി അശ്വത് നാരായൺ പറഞ്ഞു. ഇതിനായുള്ള മാർഗനിർദേശങ്ങൾ പിന്നീട് പുറപ്പെടുവിക്കും.

രണ്ടാംവർഷ പി.യു. വിദ്യാർഥികളെ മുൻവർഷത്തെ മാർക്കിന്റെ അടിസ്ഥാനത്തിൽ ജയിപ്പിക്കാനാണ് തീരുമാനം. മാർക്കനുസരിച്ച് എ, ബി, സി. എന്നിങ്ങനെ ഗ്രേഡുകൾ നൽകും. ഇതിന് പത്താംക്ളാസ് മാർക്കുകൂടി പരിഗണിക്കണമെന്ന ആവശ്യം പരിഗണനയിലാണ്. ജൂൺ അവസാന ആഴ്ചയോടെ വിദ്യാർഥികൾക്ക് ലഭിച്ച ഗ്രേഡുകൾ പ്രസിദ്ധീകരിക്കും.

Content Highlights: Karnataka to consider public entrance examination marks for Professional course admission