കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നതിനിടെ പരീക്ഷാ തീയതി പ്രഖ്യാപിച്ച് കണ്ണൂര്‍ സര്‍വകലാശാല. സര്‍വകലാശാലയുടെ വിവിധ കാമ്പസുകളില്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലായ് 23-ന് ആരംഭിക്കുമെന്ന അറിയിപ്പാണ് വിദ്യാര്‍ഥികളെ ആശങ്കയിലാക്കിയിരിക്കുന്നത്. 

അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ ഒഴികെയുള്ളവര്‍ക്ക് പരീക്ഷ ഒഴിവാക്കണമെന്ന യു.ജി.സി നിര്‍ദേശം നിലനില്‍ക്കെയാണ് സര്‍വകലാശാല പരീക്ഷാ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. മേയില്‍ നടക്കേണ്ട പരീക്ഷയാണ് ഇപ്പോള്‍ 23 മുതല്‍ നടത്തുമെന്ന് സര്‍വകലാശാല പ്രഖ്യാപിച്ചിട്ടുള്ളത്.

സംഭവത്തില്‍ ആശങ്കയുമായി രംഗത്തുവന്ന വിദ്യാര്‍ഥികള്‍ സര്‍വകലാശാലയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നു. പല കാമ്പസുകളിലും ഹോസ്റ്റല്‍ സൗകര്യമില്ല, നിലവിലെ സാഹചര്യത്തില്‍ വീടുകള്‍ വാടകയ്ക്ക് എടുക്കുന്നത് സുരക്ഷിതമല്ലെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാണിക്കുന്നു. സ്വന്തം ജില്ലകളില്‍ പരീക്ഷാകേന്ദ്രം അനുവദിച്ചാല്‍പ്പോലും സമ്പര്‍ക്കം മൂലമുള്ള രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീടുകളില്‍നിന്നും പോയിവരുന്നതും സുരക്ഷിതമല്ലെന്ന് ഇവര്‍ പറയുന്നു.

പരീക്ഷാ തീയതി സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും ഇതു സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞയാഴ്ച പത്രങ്ങളില്‍ വന്നിരുന്നു. പരീക്ഷ ഉപേക്ഷിക്കുകയോ മാറ്റിവെക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി. ജലീല്‍, ഗവര്‍ണര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മെയില്‍ അയച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

Content Highlights: Kannur University Published Semester Exam Time Table Amid Increasing Cases of COVID-19