ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ 2019-20 അധ്യയന വര്‍ഷം മുതല്‍ 25 ശതമാനം സീറ്റ് വര്‍ധിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗക്കാര്‍ക്ക് പത്ത് ശതമാനം സംവരണം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന യു.ജി.സി നിര്‍ദേശത്തേത്തുടര്‍ന്നാണ് തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.

വൈസ്ചാന്‍സലറുടെ നേതൃത്വത്തില്‍ ജനുവരി 28ന് ചേര്‍ന്ന യോഗത്തിലാണ് സീറ്റ് വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. ജനുവരി 31നകം ഇതിനാവശ്യമായ അടിസ്ഥാന സൗകര്യ വികസനം, ആവശ്യമായ അധ്യാപക തസ്തികകള്‍ എന്നിവയുള്‍പ്പെടെ വിശദവിവരങ്ങള്‍ യു.ജി.സിക്ക് നല്‍കണമെന്ന നിര്‍ദേശമായിരുന്നു സര്‍വകലാശാല അധികൃതര്‍ക്ക് ലഭിച്ചത്. 

2019-20 അധ്യയന വര്‍ഷം അധിക സീറ്റ് പ്രഖ്യാപനവും പുതിയ സംവരണം നടപ്പാക്കലും യു.ജി.സി മാനദണ്ഡ പ്രകാരമായിരിക്കുമെന്ന് ജെ.എന്‍.യു റെക്ടര്‍ ചിന്താമണി മഹാപാത്ര അറിയിച്ചു.

Content Highlights: JNU to effect 25 percent increase in seats from 2019-20 session, Jawaharlal Nehru University, Reservation for Economically Weaker Section