ന്യൂഡല്‍ഹി: കോവിഡ്-19നെത്തുടര്‍ന്നുണ്ടായ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പുതുക്കിയ അക്കാദമിക് കലണ്ടറുമായി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല. കലണ്ടറനുസരിച്ച് ജൂലൈ 31നകം പരീക്ഷകള്‍ നടത്തും. ജൂണ്‍ 25നും 30നും ഇടയില്‍ വിദ്യാര്‍ഥികള്‍ക്ക് കോളേജുകളിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പഠിപ്പിച്ച് തീര്‍ക്കാനുള്ള ഭാഗങ്ങള്‍ സമയബന്ധിതമായി തീര്‍ത്ത് ജൂലൈ 31 നകം പരീക്ഷകള്‍ നടത്തിതീര്‍ക്കുമെന്ന് ജെ.എന്‍.യു വൈസ് ചാന്‍സിലര്‍ എം. ജഗദീഷ് കുമാര്‍ പറഞ്ഞു. പുതിയ സെമസ്റ്ററുകളിലേക്കുള്ള ക്ലാസ്സുകള്‍ ആഗസ്റ്റ് ഒന്നു മുതല്‍ ആരംഭിക്കും. പരീക്ഷാഫലം വന്നിട്ടില്ലാത്തവര്‍ക്കും അടുത്ത സെമസ്റ്ററിലേക്ക് രജിസ്റ്റര്‍ ചെയ്യാം. ഇത് ഓണ്‍ലൈനായാണ് ചെയ്യേണ്ടത്. 

ഗവേഷണ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. എന്നാല്‍ ലോക്ക്ഡൗണ്‍ നീട്ടുകയോ മറ്റോ ചെയ്താല്‍ ഈ തീയതികളില്‍ മാറ്റം വരുമെന്ന് വൈസ് ചാന്‍സിലര്‍ വ്യക്തമാക്കി. 

Content Highlights: JNU Announces Academic Calendar, classes from june last week, Corona Virus, lockdown, covid-19