ന്യൂഡൽഹി: ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റിന് (ജിപ്മാറ്റ്) അപേക്ഷിക്കാനുള്ള തീയതി നീട്ടി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). മേയ് 31 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീയതി നീട്ടാനുള്ള എൻ.ടി.എ തീരുമാനം.

ജമ്മു, ബോധ്ഗയ ഐ.ഐ.എമ്മുകളിലെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് കോഴ്സിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണിത്. പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടില്ലാത്ത വിദ്യാർഥികൾക്ക് jipmat.nta.ac.in/ www.nta.ac.in എന്നീ വെബ്സൈറ്റുകൾ വഴി അപേക്ഷിക്കാം. ഓൺലൈനായാണ് പരീക്ഷാഫീസടയ്ക്കേണ്ടത്.

ജൂൺ 10 വരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താം. ജൂൺ 20-നാണ് ജിപ്മാറ്റ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ ഇംഗ്ലീഷിലായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

Content Highlights: JIPMAT exam postponed by NTA