യു.ജി.സി 2021 മാര്‍ച്ചില്‍ നിര്‍ദ്ദേശിച്ച ജീവന്‍ കൗശല്‍ പദ്ധതി പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ കൊച്ചിയിലെ ദേശീയ നിയമ സര്‍വകലാശാലയായ നുവാല്‍സ് തീരുമാനിച്ചു. ആശയവിനിമയ, പ്രൊഫഷണല്‍/തൊഴില്‍ മേഖലയിലെ വിജയം, ടീമായുള്ള പ്രവര്‍ത്തനം, നേതൃത്വപരവും നിര്‍വഹണപരവുമായ ശേഷി വികസിപ്പിക്കല്‍ സാര്‍വലൗകിക മാനുഷിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളല്‍, എന്നിവയ്ക്കാവശ്യമായ മുപ്പതോളം നൈപുണ്യങ്ങള്‍ പാഠ്യ പദ്ധതിയുടെ ഭാഗമാക്കുന്നതാണ് യു.ജി.സി നിര്‍ദ്ദേശിച്ചിരിക്കുന്ന ജീവന്‍ കൗശല്‍.

ഇതിനായി ആദ്യത്തെ നാല് സെമെസ്റ്ററുകളില്‍ എല്ലാ ആഴ്ചയും നാലു മണിക്കൂര്‍ വീതം നുവാല്‍സ് മാറ്റി വെക്കും. ആശയവിനിമയ നൈപുണ്യം, പ്രൊഫഷണല്‍ നൈപുണ്യം, നേതൃത്വ നിര്‍വഹണ നൈപുണ്യം,  സാര്‍വലൗകീക മാനുഷിക മൂല്യങ്ങള്‍ എന്നിങ്ങനെയുള്ള നാലു കോഴ്‌സുകള്‍ എല്‍.എല്‍.ബി പാഠ്യ പദ്ധതിയുടെ ഭാഗമാക്കി പുതിയ റെഗുലേഷന്‍ അംഗീകരിച്ചു. ഇതോടെ ജീവന്‍ കൗശല്‍ പദ്ധതി, പാഠ്യ പദ്ധതിയുടെ ഭാഗമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നിയമ സര്‍വകലാശാലയായി നുവാല്‍സ്.

വൈസ് ചാന്‍സലര്‍ പ്രൊഫ.(ഡോ.) കെ.സി സണ്ണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അക്കാദമിക്ക് കൗണ്‍സില്‍ യോഗത്തില്‍ ഡല്‍ഹി ദേശീയ നിയമ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.(ഡോ.) ശ്രീകൃഷ്ണ ദേവ്  റാവു, മഹാരാഷ്ട്ര ദേശീയ നിയമ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) വിജേന്ദ്ര കുമാര്‍, ഹൈദ്രാബാദിലെ ഒസ്മാനിയ സര്‍വ്വകലാശാലയുടെ ഡീന്‍ പ്രൊ. (ഡോ.) ജി ബി റെഡ്ഡി, എം ജി സര്‍വകലാശാല ഡീന്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍, ബാര്‍ കൗണ്‍സില്‍ അംഗമായ അഡ്വ. നാഗരാജ് നാരായണന്‍, അസി. പ്രൊഫസര്‍മാരായ ഡോ. ജേക്കബ് ജോസഫ്, ഡോ. ഷീബ എസ്. ധര്‍  എന്നിവര്‍ സംസാരിച്ചു.

Content Highlights: Jeevan Kaushal program introduced to NUALS