ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (JEE Main) 2021 മുതല്‍ 11 ഭാഷകളില്‍ നടത്തിയേക്കും. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം ഇതിനായുള്ള അനുമതി നല്‍കിയെന്നും എന്‍ടിഎയോട് ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ക്ക് പുറമെ ഗുജറാത്തിയിലും ജെഇഇ മെയിന്‍ പരീക്ഷ നടത്തുന്നുണ്ട്. ഇതിന് പുറമെ അസമീസ്, ബംഗാളി, കന്നട, മറാഠി, ഒഡിയ, തമിഴ്, തെലുഗു, ഉറുദു ഭാഷകളില്‍കൂടി പരീക്ഷ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതില്‍ മലയാളം ഇല്ലെന്നത് ശ്രദ്ധേയമാണ്.
നേരത്തെ ഗുജറാത്തിയില്‍ പരീക്ഷ നടത്തുന്നതിനെ ചോദ്യംചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തുവന്നിരുന്നു. ഗുജറാത്ത് സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമാണ് ഗുജറാത്തിയില്‍ പരീക്ഷ നടത്തിയതെന്നും സംസ്ഥാനത്ത് മാത്രമായിരുന്നു ഈ സൗകര്യമുണ്ടായിരുന്നതെന്നും എന്‍ടിഎ മറുപടി നല്‍കിയിരുന്നു. പിന്നീട് ബംഗാള്‍ വിദ്യാഭ്യാസ വകുപ്പ് ഇതേ ആവശ്യവുമായി എന്‍ടിഎയെ സമീപിക്കുകയും 11 ഭാഷകളില്‍ പരീക്ഷ നടത്താന്‍ മാനവവിഭവശേഷി വികസന മന്ത്രാലയം നിര്‍ദേശം നല്‍കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Content Highlights: JEE Main to Conduct in 11 Languages From 2021