ന്യൂഡൽഹി: ജെ.ഇ.ഇ മെയിൻ, നീറ്റ് യു.ജി പരീക്ഷകളുടെ സിലബസ്സിൽ ഇത്തവണ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. എന്നാൽ മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ ആകെയുള്ള 90 ചോദ്യങ്ങളിൽ നിന്ന് 75 ചോദ്യങ്ങൾ തിരഞ്ഞെടുത്ത് ഉത്തരമെഴുതാനുള്ള അവസരം ഇക്കൊല്ലം വിദ്യാർഥികൾക്കുണ്ടാകും. ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നീ വിഷയങ്ങളിൽ നിന്നുള്ള 90 ചോദ്യങ്ങളിൽ (ഒരോ വിഷയത്തിൽ നിന്നും 30 ചോദ്യങ്ങൾ വീതം) 75 ചോദ്യങ്ങൾക്ക് മാത്രം ഉത്തരമെഴുതാനുള്ള അവസരം ആദ്യമായാണ് വിദ്യാർഥികൾക്ക് ലഭിക്കുന്നത്.

ജെ.ഇ.ഇ മെയിൻ പരീക്ഷ നാലു സെഷനുകളായി നടത്താനും ഇത്തവണ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി 23 മുതൽ 26 വരെയാണ് ജെ.ഇ.ഇ മെയിൻ ആദ്യ സെഷൻ പരീക്ഷ. ഇതിനായി അപേക്ഷിക്കാനുള്ള തീയതി ജനുവരി 23 വരെ നീട്ടിയിട്ടുണ്ട്. ജനുവരി 27 മുതൽ 30 വരെ വിദ്യാർഥികൾക്ക് അപേക്ഷയിൽ തിരുത്തലുകൾ വരുത്താം. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലാകും അടുത്ത സെഷനുകൾ നടക്കുക.

ഐ.ഐ.ടികളിലെ പ്രവേശനത്തിനായുള്ള ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ ജൂലൈ മൂന്നിനാണ് നടത്താൻ നിശ്ചയിച്ചിട്ടുള്ളത്. പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് 12-ാം ക്ലാസ്സിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് വേണമെന്ന നിബന്ധനയിൽ ഇളവും ഈ അധ്യാന വർഷം കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.

നീറ്റ് യു.ജി പരീക്ഷയെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും കേന്ദ്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും വിവിധ സംസ്ഥാനങ്ങൾ 12-ാം ക്ലാസ്സ് പരീക്ഷാ സിലബസ് കുറച്ച സാഹചര്യത്തിൽ ജെ.ഇ.ഇ മെയിനിന് സമാനമായ മാറ്റങ്ങൾ നീറ്റിലുമുണ്ടാകുമെന്നാണ് വിദ്യാർഥികളുടെ പ്രതീക്ഷ.

Content Highlights: JEE Main, NEET UG syllabus remain unchanged, Central Education Minister