ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ മെയിന്‍), നീറ്റ് പരീക്ഷാത്തീയതികള്‍ മെയ് അഞ്ചിന് പ്രഖ്യാപിക്കും. ഇതേദിവസം കേന്ദ്രമാനവ വിഭവശേഷി വികസന വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാല്‍ വിദ്യാര്‍ഥികളുമായി സംവദിക്കാന്‍ സംഘടിപ്പിക്കുന്ന വെബിനാറിലായിരിക്കും തീയതികള്‍ പ്രഖ്യാപിക്കുക.

നേരത്തെ പ്രവേശന പരീക്ഷകള്‍ ഏപ്രില്‍-മേയ് മാസങ്ങളിലായി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ)യാണ് രണ്ടു പരീക്ഷകളും നടത്തുന്നത്. 

പ്രവേശന പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചാലുടന്‍തന്നെ നടത്താന്‍ ബാക്കിയുള്ള ബോര്‍ഡ് പരീക്ഷകളുടെ തീയതിയും പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍. പ്രധാനവിഷയങ്ങളില്‍ മാത്രമേ ഇനി പരീക്ഷ നടത്തുകയുള്ളുവെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നു.

Content Highlights: JEE Main, NEET Dates To Be Announced On 5th May