ന്യൂഡല്‍ഹി: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നീറ്റ്, ജെ.ഇ.ഇ ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 4000-ത്തിലേറെ വിദ്യാര്‍ഥികള്‍ കഴിഞ്ഞദിവസം നിരാഹാര സമരവുമായി രംഗത്തുവന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

നീറ്റ്, ജെ.ഇ.ഇ എന്നിവയ്ക്ക് പുറമെ യു.ജി.സി നെറ്റ്, ഡല്‍ഹി സര്‍വകലാശാല, ഐസര്‍ പ്രവേശന പരീക്ഷകളും, ക്ലാറ്റ് പരീക്ഷകളും മാറ്റിവെക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു. വളരെ ദൂരെയുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ രാവിലെ 7 മണിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടിവരുന്നത് ഗതാഗത സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാത്ത നിലവിലെ സാഹചര്യത്തില്‍ എളുപ്പമല്ലെന്നും വിദ്യാര്‍ഥി സംഘടനകള്‍ പറയുന്നു. 

വിദ്യാര്‍ഥികള്‍ക്കുപുറമെ പ്രമുഖ രാഷ്ട്രീയ നേതാക്കളും ഇതിനോടകം പ്രതിഷേധമറിയിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കരുതി പരീക്ഷകള്‍ മാറ്റിവെക്കാന്‍ കേന്ദ്രം തയ്യാറാവണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയയും സമാന ആവശ്യവുമായി രംഗത്തുവന്നിട്ടുണ്ട്. 

അതേസമയം പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയിരുന്നു. സെപ്റ്റംബറില്‍ പരീക്ഷ നടത്താന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് കോടതി അനുമതി നല്‍കുകയും ചെയ്തു. പരീക്ഷകള്‍ മാറ്റിവെക്കുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അവസാന വര്‍ഷ ബിരുദ പരീക്ഷയെ സംബന്ധിച്ച യു.ജി.സി മാര്‍ഗനിര്‍ദേശങ്ങളില്‍ കോടതി വൈകാതെ വിധി പ്രഖ്യാപിക്കും.

Content Highlights: JEE Main, NEET 2020: Students Associations and Politicians Demanding to postpone exams