ന്യൂഡല്‍ഹി: നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ നടത്തുന്നതിനെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും തീരുമാനത്തില്‍ മാറ്റമില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വ്യക്തമാക്കിയിരുന്നു. 24 ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് രണ്ടു പരീക്ഷയ്ക്കുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിനോടകം 17 ലക്ഷത്തിലേറെപ്പേര്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തതായും എന്‍.ടി.എ അറിയിച്ചു.

പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്ന് ഐഐടി ഖരഗ്പൂര്‍ ഡയറക്ടര്‍ വിരേന്ദ്ര തിവാരിയും പറഞ്ഞു. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ പരീക്ഷകള്‍ നിര്‍ണായകമാണെന്ന് എ.ഐ.സി.ടി.ഇ ചെയര്‍മാന്‍ അനില്‍ സഹസ്രാബ്ദെയും വ്യക്തമാക്കി.

മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) 2020 എഴുതുന്നത് 15.97 ലക്ഷം വിദ്യാര്‍ഥികളാണ്. കേരളത്തില്‍ 322 പരീക്ഷാകേന്ദ്രങ്ങളിലായി 1,15,959 പേര്‍ എഴുതും. കോവിഡ്-19 സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി 1297 പരീക്ഷാ കേന്ദ്രങ്ങള്‍ കൂടുതലായി അനുവദിച്ചു.

നേരത്തേ ഒരു ക്ലാസില്‍ 24 വിദ്യാര്‍ഥികളായിരുന്നു. കോവിഡ് സാഹചര്യത്തില്‍ സാമൂഹികാകലം പാലിക്കാന്‍ ഇത് 12 ആയി കുറച്ചു. 99 ശതമാനം വിദ്യാര്‍ഥികള്‍ക്കും അവര്‍ തിരഞ്ഞെടുത്ത പരീക്ഷാകേന്ദ്രം തന്നെ അനുവദിച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) അറിയിച്ചു. വിദ്യാര്‍ഥികളെ സുരക്ഷിതമായി പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹായം എന്‍.ടി.എ. ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: JEE Main, NEET 2020: Over 17 Lakh Admit Cards Downloaded Despite Protests for  Postponement