ന്യൂഡൽഹി: നിലവിലെ സാഹചര്യത്തിൽ നീറ്റ്, ജെ.ഇ.ഇ മെയിൻ പരീക്ഷകൾ നടത്താൻ കഴിയുമോ എന്ന് പരിശോധിക്കാൻ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഉന്നതതല സമിതി വെള്ളിയാഴ്ച റിപ്പോർട്ട് സമർപ്പിച്ചേക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടറുടെ അധ്യക്ഷതയിൽ ആണ് സമിതി രൂപീകരിച്ചത്.

ജൂലായ് 18 മുതൽ 23 വരെ ആണ് ജെ.ഇ.ഇ മെയിൻ പരീക്ഷ നടക്കേണ്ടത്. ജൂലൈ 26-നാണ് നീറ്റ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷ നീട്ടി വയ്ക്കണമെന്ന് വിദ്യാർഥികളും രക്ഷകർത്താക്കളും കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയം പഠിക്കാനായി സർക്കാർ സമിതിക്ക് രൂപം നൽകിയത്.

വന്ദേഭാരത് മിഷന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസുകൾ ഉണ്ടെങ്കിലും ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ എഴുതാൻ വരേണ്ട പല വിദ്യാർഥികൾക്കും ടിക്കറ്റ് ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ടിക്കറ്റ് ലഭിച്ച് ഇന്ത്യയിൽ എത്തിയാൽത്തന്നെ വിദ്യാർഥികൾക്ക് ക്വാറന്റീനിൽ പോകേണ്ടി വരുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ചില സംസ്ഥാനങ്ങളിൽ 21 ദിവസം വരെയാണ് ക്വാറന്റീനിൽ കഴിയേണ്ടത്. അതിനാൽ വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷ എഴുതാൻ ബുദ്ധിമുട്ടാവുമെന്നാണ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലെ പ്രധാന പരാതി.

Content Highlights: JEE Main, NEET 2020: HRD Panel's Decision on Exams Expected Soon