ന്യൂഡല്‍ഹി: നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷാ കേന്ദ്രങ്ങളുടെ ലിസ്റ്റ് ഒരാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ വിനീത് ജോഷി. സാമൂഹ്യ അകലം പാലിക്കാനായി പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് എന്‍ടിഎ നേരത്തെ അറിയിച്ചിരുന്നു. 

പരീക്ഷാര്‍ഥികളുടെ സുരക്ഷയ്ക്കാണ് എന്‍ടിഎ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പരീക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികളുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക സംവിധാനമേര്‍പ്പെടുത്തും. പരീക്ഷാ ഹാളില്‍ കയറുന്നതിനായി പ്രത്യേക സമയവും വിദ്യാര്‍ഥികള്‍ക്ക് നല്‍കും.

15 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പരീക്ഷാര്‍ഥികള്‍ തമ്മില്‍ രണ്ടുമീററര്‍ അകലം ഉറപ്പിക്കാനായി 6000 പരീക്ഷാ കേന്ദ്രങ്ങള്‍ വേണ്ടിവരും. നേരത്തെ 3000 കേന്ദ്രങ്ങളായിരുന്നു പരീക്ഷയ്ക്കായി നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ തവണ വരെ വിദ്യാര്‍ഥികളെ ഒരുമീറ്റര്‍ അകലത്തിലായിരുന്നു ഇരുത്തിയിരുന്നത്.


Content Highlights: JEE Main, NEET 2020 Exam Centres Lists Within A Week