ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച ജെഇഇ മെയിന്‍ പരീക്ഷ ജൂണില്‍ നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര മാനവവിഭവശേഷി വികസനവകുപ്പുമന്ത്രി രമേഷ് പൊഖ്രിയാലിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം പരീക്ഷയ്ക്കുള്ള തീയതികള്‍ നിശ്ചയിക്കും. വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കാണ് നിലവിലെ സാഹചര്യത്തില്‍ പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

2020-21 അധ്യയന വര്‍ഷം ഒരുമാസമെങ്കിലും വൈകിയേ തുടങ്ങാനാകൂ. പാഠ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌കൂളുകളും കോളേജുകളും തുറന്നാലുടന്‍തന്നെ പരീക്ഷകള്‍ നടത്തേണ്ടതായിട്ടുണ്ട്. ഇതിനുശേഷം മാത്രമേ പുതിയ വിദ്യാര്‍ഥികള്‍ക്കുള്ള പ്രവേശന നടപടികള്‍ ആരംഭിക്കാനാകൂ എന്നും മന്ത്രി പറഞ്ഞു.

Content Highlights: JEE Main likely in June; priority is for students' safety: HRD minister