ന്യൂഡൽഹി: ജെ.ഇ.ഇ മെയിൻ ഫെബ്രുവരി സെഷന്റെ ഫലം പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി. സാകേത് ഝാ (രാജസ്ഥാൻ), പ്രവാർ കട്ടാരിയ (ഡൽഹി), രഞ്ജിം പ്രബൽ ദാസ് (ഡൽഹി), ഗുർമീത് സിങ് (ചണ്ഡീഗഢ്), സിദ്ധാന്ത് മുഖർജി (മഹാരാഷ്ട്ര), അനന്തകൃഷ്ണ കിഡംബി (ഗുജറാത്ത്) തുടങ്ങി ആറ് വിദ്യാർഥികൾ 100 പെർസെന്റൈൽ സ്കോർ നേടി. 99.999 പെർസെന്റൈൽ സ്കോർ നേടിയ തെലങ്കാന സ്വദേശിനി കൊമ്മ ശരണ്യയാണ് പെൺകുട്ടികളിൽ ഒന്നാമത്.

പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് nta.ac.in, ntaresults.nic.in, jeemain.nta.nic.in എന്നീ വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാം. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ മലയാളം, തമിഴ് തുടങ്ങി 11 പ്രാദേശിക ഭാഷകളിലും ഇത്തവണ പരീക്ഷ നടത്തിയിരുന്നു. 6.52 ലക്ഷം പേരാണ് ബി.ഇ, ബി.ടെക്ക് കോഴ്സിനായാണ് അപേക്ഷിച്ചത്.

ഫെബ്രുവരി 23 മുതൽ 26 വരെ നടത്തിയ പരീക്ഷയുടെ ഉത്തരസൂചിക മാർച്ച് ഒന്നിന് പ്രസിദ്ധീകരിച്ചിരുന്നു. ഫെബ്രുവരി സെഷന് പുറമേ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലും ജെ.ഇ.ഇ മെയിൻ പരീക്ഷ നടക്കും. അതിനായി രജിസ്റ്റർ ചെയ്യാനുള്ള പോർട്ടലും ഇപ്പോൾ തുറന്നിട്ടുണ്ട്. നിലവിൽ പെർസെന്റൈൽ സ്കോർ മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. നാല് സെഷനുകളും പൂർത്തിയാക്കിയ ശേഷമാകും ഓൾ ഇന്ത്യ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.

Content Highlights: JEE Main February session result released by NTA