ന്യൂഡൽഹി: മാറ്റിവെച്ച ജെ.ഇ.ഇ. മെയിൻ ഏപ്രിൽ, മേയ് സെഷനുകൾ ജൂലായിലും ഓഗസ്റ്റിലും നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാൽ അറിയിച്ചു. ഏപ്രിൽ സെഷൻ ജൂലായ് 20 മുതൽ 25 വരെയും മേയ് സെഷൻ ജൂലായ് 27 മുതൽ ഓഗസ്റ്റ് രണ്ട് വരെയും നടത്തും.

പരീക്ഷകൾക്ക് ഇതുവരെയും രജിസ്റ്റർ ചെയ്യാത്തവർക്ക് മൂന്നാം സെഷനിലേക്ക് ജൂലായ് എട്ടിന് രാത്രി ഒൻപതുവരെയും നാലാം സെഷനിലേക്ക് ഒൻപത് മുതൽ 12-ന് രാത്രി ഒൻപതുവരെയും അപേക്ഷിക്കാം. jeemain.nic.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിദ്യാർഥികൾക്ക് അവരുടെ പരീക്ഷാകേന്ദ്രങ്ങൾ മാറ്റുകയുംചെയ്യാം.

ഏപ്രിൽ സെഷൻ പരീക്ഷയ്ക്കായി 6.80 ലക്ഷം വിദ്യാർഥികളും മേയ് സെഷനായി 6.09 ലക്ഷം വിദ്യാർഥികളുമാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് jeemain.nta.nic.in.

Content Highlights: JEE Main exam will be conducted from July 20