ഐ.ഐ.ടി.കളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ. ഇ. അഡ്വാൻസ്ഡിന് രജിസ്ടേഷൻ നടപടികൾ https://jeeadv.ac.in/ ൽ തുടങ്ങി. ഖരഗ്‌പുർ ഐ.ഐ.ടി. ആണ് സംഘാടക സ്ഥാപനം. ജെ.ഇ.ഇ.മെയിൻ ഒന്നാം പേപ്പറിൽ (ബി.ഇ./ബി.ടെക്.) വിവിധ കാറ്റഗറികളിൽ മുന്നിലെത്തിയ കട്ട് ഓഫ് സ്കോർ നേടിയ 2,50,000 പേർക്കാണ് അവസരം.

യോഗ്യത, പ്രായം: 1.10.1996-നോ ശേഷമോ ആയിരിക്കണം ജനനം. പട്ടിക/ഭിന്നശേഷിക്കാർക്ക് അഞ്ചുവർഷത്തെ ഇളവ്. തുടർച്ചയായി രണ്ടുവർഷങ്ങളിലായി രണ്ടു തവണയേ ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാനാകൂ. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ച് 2020-ലോ 2021-ലോ ക്ലാസ് 12/തുല്യ പരീക്ഷ ജയിച്ചിരിക്കണം. പരീക്ഷാ വർഷത്തിന്റെ കാര്യത്തിൽ ചില ഒറ്റത്തവണ ഇളവ് നൽകിയിട്ടുണ്ട്.

രജിസ്ട്രേഷൻ: സെപ്‌റ്റംബർ 20 വൈകീട്ട് അഞ്ചുവരെ രജിസ്റ്റർ ചെയ്യാം. വനിതകൾ, പട്ടിക/ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് രജിസ്ട്രേഷൻ ഫീസ് 1400 രൂപ. മറ്റുള്ളവർക്ക് 2800 രൂപ. ഓൺലൈനായി സെപ്‌റ്റംബർ 21 വൈകീട്ട് അഞ്ചുവരെ അടയ്ക്കാം.

പരീക്ഷ: ഒക്ടോബർ മൂന്നിന് കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ. രണ്ടു പേപ്പർ. ഒന്നാംപേപ്പർ ഒമ്പതുമുതൽ 12 വരെയും രണ്ടാംപേപ്പർ ഉച്ചയ്ക്ക് 2.30 മുതൽ 5.30 വരെയുമായിരിക്കും. ഓരോ പേപ്പറിലും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ നിന്നുമുള്ള ചോദ്യങ്ങൾ ഉണ്ടാകും. വിശദവിവരങ്ങൾ സൈറ്റിൽ. ആലപ്പുഴ, കണ്ണൂർ, കാസർകോട്, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.

അഡ്മിറ്റ് കാർഡ് സെപ്‌റ്റംബർ 25 രാവിലെ 10 മുതൽ വെബ്സൈറ്റിൽനിന്ന്‌ ഡൗൺലോഡുചെയ്യാം. ഫലപ്രഖ്യാപനം ഒക്ടോബർ 15-ന് ഉണ്ടാകും.

ആർക്കിടെക്ചർ: വാരാണാസി, ഖരഗ്‌പുർ, റൂർഖി എന്നീ ഐ.ഐ.ടി.കളിലുള്ള ബി.ആർക്ക് പ്രോഗ്രാം പ്രവേശനത്തിന് താത്‌പര്യമുണ്ടെങ്കിൽ ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് ഒക്ടോബർ 15-ന് രാവിലെ 10-നും 16-ന് വൈകീട്ട് അഞ്ചിനും ഇടയ്ക്ക് രജിസ്റ്റർ ചെയ്ത് 18-ന് രാവിലെ ഒമ്പതു മുതൽ 12 വരെ നടത്തുന്ന പരീക്ഷ അഭിമുഖീകരിക്കണം. ഫലം ഒക്ടോബർ 22-ന് പ്രഖ്യാപിക്കും. ഇതിന് റാങ്കിങ് ഇല്ല. ബി.ആർക്ക് പ്രവേശനം ജെ. ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക് പരിഗണിച്ചായിരിക്കും. ജോയൻറ് സീറ്റ് അലോക്കേഷൻ അതോറിറ്റി വെബ്സൈറ്റായ https://josaa.nic.in വഴി അലോട്ട്മെൻറ്‌ഒക്ടോബർ 16-ന് ആരംഭിക്കും.

ഐ.ഐ.ടി.കൾ: ബോംബെ, ഡൽഹി, മദ്രാസ്, കാൻപുർ, ഖരഗ്പുർ, ഗുവാഹാട്ടി, റൂർഖി, ധൻബാദ്, വാരാണാസി, ഭിലായ്, ഭുവനേശ്വർ, ധാർവാഡ്, ഗാന്ധിനഗർ, ഗോവ, ഹൈദരാബാദ്, ഇൻഡോർ, ജമ്മു, ജോദ്‌പുർ, മാൺഡി, പാലക്കാട്, പട്ന, റോപ്പർ, തിരുപ്പതി

പ്രോഗ്രാമുകൾ: നാലുവർഷ ബാച്ചിലർ ഓഫ് ടെക്നോളജി (ബി.ടെക്-50 ബ്രാഞ്ചുകൾ), ബാച്ചിലർ ഓഫ് സയൻസ് (ബി.എസ്-ആറ്‌ വിഷയങ്ങൾ), അഞ്ചുവർഷ ബാച്ചിലർ ഓഫ് ആർക്കിടെക്ചർ (ബി.ആർക്ക്-ഒന്ന്), ഡ്യുവൽ ഡിഗ്രി ബി.ടെക്-എം.ടെക്., ഡ്യുവൽ ഡിഗ്രി (43), ബി.എസ്-എം.എസ്. ഡ്യുവൽ ഡിഗ്രി (രണ്ട്), ഇന്റഗ്രേറ്റഡ് എം.ടെക്. (അഞ്ച്), ഇന്റഗ്രേറ്റഡ് എം.എസ്. (ഏഴ്).

പാലക്കാട് ഐ.ഐ.ടി. പ്രോഗ്രാമുകൾ: ബി.ടെക്.-സിവിൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ.

ജെ.ഇ. ഇ. അഡ്വാൻസ്ഡ് സ്കോർ പരിഗണിക്കുന്ന മറ്റു സ്ഥാപനങ്ങൾ: ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരത്ത് ഉൾപ്പടെയുള്ള ഏഴ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ), വിശാഖപട്ടണം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജി, റായ്ബറേലി രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി.

ഇവയിലെ പ്രവേശനത്തിൽ താത്‌പര്യമുള്ളവർ അതത് സ്ഥാപനത്തിലേക്ക് യഥാസമയം അപേക്ഷിക്കണം.

 

Content Highlights: JEE advanced on October 3 2021, Details