ന്യൂഡല്‍ഹി: ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ 5,000 സീറ്റുകള്‍കൂടി കേന്ദ്ര മാനവശേഷി മന്ത്രാലയം അനുവദിച്ചു. പുതുതായി അനുവദിച്ച സീറ്റുകളില്‍ 2019-20 അധ്യയനവര്‍ഷം മുതല്‍ പ്രവേശനം നല്‍കും. 

ഇതോടെ നവോദയ വിദ്യാലയങ്ങളിലെ സീറ്റുകളുടെ എണ്ണം 51,600 ആയി ഉയര്‍ന്നു. നരേന്ദ്രമോദിസര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം 14,000 സീറ്റുകളാണ് കൂട്ടിയത്. സീറ്റുകളുടെ എണ്ണംവര്‍ധിപ്പിച്ചതിലൂടെ ഗ്രാമങ്ങളില്‍നിന്നുള്ള കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള അവസരമുണ്ടാകുമെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

പ്രവേശനപ്പരീക്ഷയിലൂടെ ആറാംക്ലാസിലേക്കാണ് നവോദയ വിദ്യാലയങ്ങള്‍ പ്രവേശനം നല്‍കുന്നത്. 2001-ല്‍ 5.50 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. 2019-ല്‍ ഇത് 31 ലക്ഷമായി ഉയര്‍ന്നു. പുതുതായി നിലവില്‍വന്നിട്ടുള്ള  ജില്ലകളില്‍കൂടി നവോദയ സ്‌കൂളുകള്‍ അനുവദിക്കുന്ന കാര്യം  പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

Content Highlights: MHRD, Prakash Javadekar, Jawahar Navodaya Vidyalaya to get 5000 more seats