ന്യൂഡല്‍ഹി: യു.ജി, പി.ജി, പി.എച്ച്.ഡി തുടങ്ങിയ കോഴ്‌സുകളിലെ സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷനിലുള്ള സുതാര്യത ഉറപ്പു വരുത്താന്‍ നാഷണല്‍ അക്കാദമിക് ഡെപ്പോസിറ്ററി (എന്‍.എ.ഡി) എന്ന സെല്‍ രൂപീകരിച്ച് ജാമിയ മിലിയ ഇസ്ലാമിയ (ജെ.എം.ഐ). കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് ഓഫീസിലായിരിക്കും സെല്‍ പ്രവര്‍ത്തിക്കുക. ഇതോടെ യു.ജി, പി.ജി, പി.എച്ച്.ഡി കോഴ്‌സുകളിലെ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ്  ചെയ്യാനുള്ള ചുമതല സെല്ലിനായിരിക്കും. 2016-17, 2017-18 ബാച്ചുകളിലെ യു.ജി, പി.ജി സര്‍ട്ടിഫിക്കറ്റുകള്‍ ഇതുവരെ എന്‍.എ.ഡി പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തു കഴിഞ്ഞു. 

ഡിജിറ്റല്‍ ഇന്ത്യ എന്ന സങ്കല്‍പ്പത്തിലേക്കുള്ള ചവിട്ടുപടിയാണിതെന്ന് ജെ.എം.ഐ വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലാക്കി സൂക്ഷിക്കാം എന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഡിജി ലോക്കര്‍ എന്ന ഗവണ്‍മെന്റ പോര്‍ട്ടിലിലായിരിക്കും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യപ്പെടുക. 

'ജെ.എം.ഐ ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് (എ.ബി.സി) ക്കായി അപേക്ഷിച്ചിട്ടുണ്ട്. അക്രഡിറ്റേഷനിലൂടെ ജെ.എം.ഐയ്ക്ക് ന്യൂ എഡ്യുക്കേഷന്‍ പോളിസി (എന്‍.ഇ.പി) നടപ്പാക്കാന്‍ സാധിച്ചാല്‍ അതൊരു നാഴികക്കല്ലാകും. ഇതോടെ കേന്ദ്ര സര്‍വകലാശാലകള്‍ക്കിടയില്‍ ജെ.എം.എയ്ക്ക് നല്ലൊരു സ്ഥാനം കരഗതമാകും',  ഔദ്യോഗിക പത്രകുറിപ്പിലൂടെ ജെ.എം.ഐ അറിയിച്ചു. 

വിദ്യാര്‍ത്ഥികളെ സംബന്ധിച്ചുള്ള മറ്റ് വിവരങ്ങളും ഡിജി ലോക്കറില്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ജെ.എം.ഐ അറിയിച്ചു. ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള ചവിട്ടു പടിയില്‍ മറ്റ് അക്കാദമിക് കേന്ദ്രങ്ങള്‍ക്ക് മാതൃകയായി ജെ.എം.ഐ മാറട്ടെയെന്ന് പ്രത്യാശയും നജ്മ അക്തര്‍ പങ്ക് വെച്ചു. വിദ്യാര്‍ത്ഥികള്‍ അവരുടെ അക്കാദമിക വിവരങ്ങളറിയാന്‍ ഡിജിലോക്കറില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Jamia Milia Islamia develops N.A.D for storing certificates digitally