കണ്ണൂര്‍: ദേശീയതലത്തില്‍ ഐ.ടി.ഐ.കളുടെ (ഇഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്) പരീക്ഷാ നടത്തിപ്പ് അവതാളത്തിലായതിനെത്തുടര്‍ന്ന് പരീക്ഷകള്‍ നിര്‍ത്തിവെച്ചു. പ്രശ്‌നപരിഹാരത്തിന് ഐ.ടി.ഐ.കളുടെ ദേശീയ ചുമതല വഹിക്കുന്ന ഡയറക്ടര്‍ ജനറല്‍ തിങ്കളാഴ്ച ഡല്‍ഹിയില്‍ സംസ്ഥാന ഡയറക്ടര്‍മാരുടെ അടിയന്തരയോഗം വിളിച്ചു.

രാജ്യത്ത് 14,491 ഐ.ടി.ഐ.കളുണ്ട്. ഇവിടങ്ങളിലായി 23.5 ലക്ഷം പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. കേരളത്തില്‍ 104 ഗവ. ഐ.ടി.ഐ.കളും 350 സ്വകാര്യ ഐ.ടി.ഐ.കളുമാണുള്ളത്. പേപ്പറില്‍ ഉത്തരത്തിന്റെ കളം കറുപ്പിക്കുന്ന ഒ.എം.ആര്‍. (ഒപ്റ്റിക്കല്‍ മാര്‍ക്ക് റെക്കഗ്‌നിഷന്‍) രീതിയില്‍ നടന്നിരുന്ന പരീക്ഷ കോവിഡ് കാരണം കംപ്യൂട്ടര്‍ അധിഷ്ഠിതമാക്കിയിരുന്നു. 

ഒ.എം.ആര്‍. രീതിതന്നെ തുടരണമെന്നാവശ്യപ്പെട്ട് സ്വകാര്യ ഐ.ടി.ഐ.കളുടെ സംഘടന കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നുള്ള ആശയക്കുഴപ്പത്തിനിടെ കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയുമായി മുന്നോട്ടുപോകാന്‍ ഡയറക്ടര്‍ ജനറല്‍ തീരുമാനിച്ചു. നടത്തിപ്പിന് എന്‍.ഐ.എം.ഐ. (നാഷണല്‍ ഇന്‍സ്ട്രക്ഷണല്‍ മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട്-നിമി) എന്ന സര്‍ക്കാര്‍ സ്ഥാപനത്തെ ചുമതലപ്പെടുത്തി. ഇവര്‍ ഐ.ടി.ഐ.കളിലെ കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് പരീക്ഷനടത്തിയെങ്കിലും സെര്‍വര്‍ശേഷി കുറവായതിനാല്‍ പല വിദ്യാര്‍ഥികള്‍ക്കും യഥാസമയം പരീക്ഷയില്‍ പങ്കെടുക്കാനായില്ല.

പരാതി വ്യാപകമായതിനെത്തുടര്‍ന്ന് 'നിമി'യെ ചുമതലയില്‍നിന്ന് ഒഴിവാക്കി പകരം നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (എന്‍.എസ്.ഇ.ഐ.ടി.) എന്ന കമ്പനിയെ ഏല്പിച്ചു. 2.2 ലക്ഷം കംപ്യൂട്ടറുകളെ ബന്ധിപ്പിക്കുന്ന സംവിധാനവും സെക്കന്‍ഡില്‍ 40,000 ഓര്‍ഡര്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയുമുണ്ടെന്ന് അവകാശപ്പെട്ട ഈ കമ്പനിക്കും പരീക്ഷ ശരിയായി നടത്താന്‍ കഴിഞ്ഞില്ല.

കഴിഞ്ഞ ഞായറാഴ്ച രാവിലെ 8.30-ന് പരീക്ഷയുണ്ടെന്ന് പറഞ്ഞ് വിദ്യാര്‍ഥികളെ വിളിച്ചുവരുത്തി വൈകീട്ട് അഞ്ചരവരെ നിര്‍ത്തിയശേഷം ചില കേന്ദ്രങ്ങളില്‍ പരീക്ഷ നടത്തിയില്ല. ചില സ്ഥലങ്ങളില്‍ രാത്രിയായിരുന്നു പരീക്ഷ.തുടര്‍ന്ന് സംസ്ഥാന ഐ.ടി.ഐ. ഡയറക്ടര്‍ക്കും ദേശീയ ഡയറക്ടര്‍ക്കും വിദ്യാര്‍ഥികള്‍ പരാതിനല്‍കി. തുടര്‍ന്ന് കമ്പനിയോട് വിശദീകരണം തേടിയ ദേശീയ ഡയറക്ടര്‍ പരീക്ഷ തത്കാലം നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Content Highlights: ITI Exams stopped due to problems in conducting exam