ന്യൂഡല്‍ഹി: ലോക സാക്ഷരതാ ദിനത്തില്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 96.2 ശതമാനം സാക്ഷരതാ നിരക്കുമായി കേരളം വീണ്ടും ഒന്നാമതെത്തി. സാക്ഷരതാനിരക്ക് ഏറ്റവും കുറവ് ആന്ധ്ര പ്രദേശിലാണ് - 66.4 ശതമാനം. ഏഴ് വയസ്സിന് മുകളില്‍ പ്രായമുള്ളവരെയാണ് സര്‍വേയില്‍ പരിഗണിച്ചത്. 

88.7 ശതമാനം സാക്ഷരതയുള്ള ഡല്‍ഹിയാണ് രണ്ടാമത്. ഉത്തരാഖണ്ഡ് (87.6 ശതമാനം), ഹിമാചല്‍ പ്രദേശ് (86.6 ശതമാനം), അസ്സം (85.9 ശതമാനം) എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടിയ മറ്റു സംസ്ഥാനങ്ങള്‍. ഏറ്റവും പിന്നിലെത്തിയ രണ്ടാമത്തെ സംസ്ഥാനം രാജസ്ഥാനാണ് (69.7 ശതമാനം). ബിഹാര്‍ (70.9 ശതമാനം), തെലങ്കാന (72.8 ശതമാനം), ഉത്തര്‍ പ്രദേശ് (73 ശതമാനം), മധ്യപ്രദേശ് (73.7 ശതമാനം) എന്നിവയും പിന്നിലായി.

രാജ്യത്തെ ശരാശരി സാക്ഷരത 77.7 ശതമാനമാണ്. ഗ്രാമീണ മേഖലയില്‍ 73.5 ശതമാനവും നഗരമേഖലകളില്‍ 87.7 ശതമാനവുമാണ് സാക്ഷരത. രാജ്യത്തെ 84.7 ശതമാനം പുരുഷന്മാരും 70.3 ശതമാനം  സ്ത്രീകളും സാക്ഷരരാണ്. എല്ലാ സംസ്ഥാനങ്ങളിലും സാക്ഷരത നേടിയവരില്‍ കൂടുതലും പുരുഷന്മാരാണ്. കേരളത്തില്‍ 97.4 ശതമാനം പുരുഷന്മാരും 95.2 ശതമാനം സ്ത്രീകളും സാക്ഷരത കൈവരിച്ചിട്ടുണ്ട്.

8097 ഗ്രാമങ്ങളിലെ 64519 വീടുകളിലും നഗരപ്രദേശത്തെ 6188 ബ്ലോക്കുകളിലെ 49238 വീടുകളിലും സര്‍വെ നടത്തി. ഗ്രാമീണ മേഖലയിലെ നാല് ശതമാനം പേരും നഗര മേഖലയിലെ 23 ശതമാനം പേരും ലാപ്‌ടോപ്പുകള്‍ ഉപയോഗിക്കുന്നതായി സര്‍വെയില്‍ കണ്ടെത്തി. 15-നും 29-നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയില്‍ ഗ്രാമീണ മേഖലയിലെ 24 ശതമാനം പേര്‍ക്കും നഗര മേഖലയിലെ 56 ശതമാനം പേര്‍ക്കും കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാനറിയാമെന്ന് കണ്ടെത്തി. 

Content Highlights: International Literacy Day 2020: At 96.2%, Kerala Tops Literacy Chart