തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ കോഴ്‌സുകളിൽ ഇന്റേണൽ അസസ്‌മെന്റിന് മിനിമംമാർക്ക് വേണമെന്ന നിബന്ധന മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ അടുത്തവർഷം നടപ്പാവില്ല. സാങ്കേതിക സർവകലാശാലയ്ക്കു പിന്നാലെ കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകളും മിനിമംമാർക്ക് നിബന്ധന ഉപേക്ഷിച്ചു.

കേരള, എം.ജി. സർവകലാശാലകളുടെ അക്കാദമിക് കൗൺസിലുകൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന നിർദേശം ഉന്നതവിദ്യാഭ്യാസ വകുപ്പ് നൽകി. ഇതോടെ, ആരോഗ്യ സർവകലാശാല ഒഴികെ സംസ്ഥാനത്തെ മിക്ക സർവകലാശാലകളിലും അടുത്ത അധ്യയനവർഷത്തോടെ തീരുമാനം നടപ്പാവും.

മെഡിക്കൽ, ഡെന്റൽ, ആയുർവേദ, ഹോമിയോ, നഴ്‌സിങ്, ഫാർമസി, പാരാമെഡിക്കൽ കോഴ്‌സുകളാണ് ആരോഗ്യ സർവകലാശാലയ്ക്കു കീഴിലുള്ളത്. ഇതിൽ പാരാമെഡിക്കൽ ഒഴികെയുള്ള കോഴ്‌സുകളെല്ലാം മെഡിക്കൽ കൗൺസിൽപോലുള്ള കേന്ദ്ര കൗൺസിലുകളുടെ മാർഗനിർദേശപ്രകാരമാണു നടത്തുന്നത്.

പലതിനും ഇന്റേണൽ പരീക്ഷയ്ക്ക് 50 ശതമാനം മാർക്ക് വേണമെന്ന് കൗൺസിലുകൾതന്നെ നിർദേശിച്ചിട്ടുമുണ്ട്. അതു പാലിക്കാതിരുന്നാൽ കോഴ്‌സിനുശേഷം ഈ കൗൺസിലുകളുടെ അംഗീകാരം ലഭിക്കാൻ തടസ്സമുണ്ടാകും. ഇതുതന്നെയാണ് സംസ്ഥാനസർക്കാരിന്റെ നിർദേശം ആരോഗ്യ സർവകലാശാലയിലെ കോഴ്‌സുകളിൽ നടപ്പാക്കാനുള്ള തടസ്സവും. കേന്ദ്ര കൗൺസിലുകൾക്കു മനംമാറ്റമുണ്ടാകാതെ ഇതു നടപ്പാക്കാനുമാവില്ല.

ഇന്റേണൽ മാർക്കിന്റെ പേരിൽ ചില അധ്യാപകർ വിദ്യാർഥികളെ വേട്ടയാടുന്നുവെന്ന പരാതികളുയർന്ന സാഹചര്യത്തിലാണ് സർക്കാർ ഇക്കാര്യത്തിൽ വീണ്ടുവിചാരത്തിനു മുതിർന്നത്. അധ്യാപകരുടെ താത്‌പര്യപ്രകാരം ചില വിദ്യാർഥികളെ തോൽപ്പിക്കുന്നുവെന്ന് അടിക്കടി പരാതി ഉയരുന്നത് മെഡിക്കൽ കോളേജുകളിൽനിന്നാണ്. മിക്കപ്പോഴും വിദ്യാർഥിനേതാക്കളും രാഷ്ട്രീയ താത്‌പര്യത്തിന്റെ പേരിൽ ഇതിന് ഇരയാക്കപ്പെടുന്നു.

മിനിമം മാർക്ക് ഒഴിവാക്കുമ്പോൾ

ഇന്റേണൽ പരീക്ഷയ്ക്ക് നിശ്ചിതശതമാനം കുറഞ്ഞമാർക്ക് വാങ്ങിയിരിക്കണമെന്ന നിബന്ധനയാണ് സംസ്ഥാനത്തെ സർവകലാശാലകൾ ഒഴിവാക്കുന്നത്. സർവകലാശാലാ പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങിയാലും പഠിപ്പിക്കുന്ന അധ്യാപകരുടെ പൂർണ ഉത്തരവാദിത്വത്തിൽ നടത്തുന്ന ഇന്റേണലിന് മിനിമംമാർക്കിൽ ഒന്ന് കുറഞ്ഞാൽപ്പോലും വിദ്യാർഥി തോൽക്കുന്ന അവസ്ഥയുണ്ട്.

ഇത്തരത്തിൽ, കോഴ്‌സ് പൂർത്തിയാക്കാനാവാത്ത ഒട്ടേറെ വിദ്യാർഥികളുണ്ട്. ഇന്റേണലിന് മിനിമംമാർക്ക് വേണമെന്ന നിബന്ധന ഒഴിവാക്കുന്നതോടെ സർവകലാശാലാ പരീക്ഷയ്ക്ക് മികച്ച മാർക്ക് വാങ്ങിയാൽ വിദ്യാർഥികൾക്കു വിജയിക്കാം.

Content Highlights: Internal minimum mark removal may not practical in medical courses