കോഴിക്കോട്: ജനിതകഘടനാ ഗവേഷണ പഠനരംഗത്ത് സംയുക്ത സഹകരണത്തിന് ഇംഹാന്‍സും ദേശീയ ശാസ്ത്ര ഗവേഷണ കൗണ്‍സിലായ സി.എസ്.ഐ.ആര്‍-ഐ.ജി.ഐ.ബിയും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. പി. കൃഷ്ണകുമാറും ന്യൂഡല്‍ഹിയിലെ സി.എസ്.ഐ.ആര്‍-ഐ.ജി.ഐ.ബി. ഡയറക്ടര്‍ ഡോ. അനുരാഗ് അഗര്‍വാളുമാണ് ഉടമ്പടിയില്‍ ഒപ്പുവെച്ചത്.

ജനിതകഘടനാ രംഗത്തും ബയോകെമിക്കല്‍ രംഗത്തും മോളിക്കുലര്‍ മെഡിസിന്‍ രംഗത്തും വൈദഗ്ധ്യമുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയുമായുള്ള സഹകരണം ഇംഹാന്‍സിന്റെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാവുമെന്ന് ഡയറക്ടര്‍ ഡോ. പി. കൃഷ്ണകുമാര്‍ പറഞ്ഞു.

കുട്ടികളുടെ വളര്‍ച്ചയെ ബാധിക്കുന്ന ബുദ്ധിമാന്ദ്യം, ഓട്ടിസം, വിവിധ പഠനവൈകല്യങ്ങള്‍ തുടങ്ങിയവയുടെ ജനിതക കാരണങ്ങള്‍ കണ്ടെത്തുന്നതിന് സംയുക്തസംരംഭം സഹായകമാകും. പഠനത്തിലുപരി, പഠനത്തിലൂടെ ലഭിക്കുന്ന കണ്ടെത്തലുകള്‍ പ്രായോഗികതലത്തില്‍ കൊണ്ടുവരുക എന്നതില്‍ ഊന്നിയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സസിലെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെയും പഠന ഗവേഷണത്തിന് പദ്ധതി ഉപകരിക്കും.

ജനിതക പഠനരംഗത്തെ പഠനഗവേഷണങ്ങള്‍ക്കായി ഇംഹാന്‍സില്‍ അഞ്ചുകോടി രൂപ മുതല്‍മുടക്കില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയിട്ടുള്ള ന്യൂറോ സയന്‍സ് ലാബ് സജ്ജമാക്കിയിട്ടുണ്ട്. സാംഗര്‍ സ്വീക്വന്‍സര്‍, ആര്‍.ടി.പി.സി.ആര്‍. തുടങ്ങിയ അത്യാധുനിക ലാബോറട്ടറി ഉപകരണങ്ങളും ബയോ ഇന്‍ഫര്‍മാറ്റിക്സ്, ബയോകെമിക്കല്‍, ന്യൂറോ ഫിസിയോളജി എന്നീ മേഖലകളിലെ പഠനത്തിനുള്ള വിവിധ ആധുനിക ഉപകരണങ്ങളുമാണ് ലാബില്‍ ഒരുക്കിയിരിക്കുന്നത്