കൊപ്പം : ഇരുപത്തിമൂന്നര ഡിഗ്രിയല്ലേ?ഇപ്പൊ ശരിയാക്കിത്തരാം. മെയ്തീനേ...നീയാ ചെറിയ ഡ്രൈവറ് ഒന്നെടുത്ത...' വെള്ളാനകളുടെ നാട് എന്ന സിനിമയില്‍ നടന്‍ കുതിരവട്ടം പപ്പു പറയുന്ന ഡയലോഗിനെ ഒന്ന് മാറ്റിപ്പിടിച്ചാല്‍ എടപ്പലം പി.ടി.എം.വൈ.എച്ച്.എസ്.എസ്സിലെ പഠനട്രോളായി. ഭൂമിയുടെ അച്ചുതണ്ടിന് ലംബതലത്തില്‍ നിന്നും പരിക്രമണതലത്തില്‍നിന്നുമുള്ള ചെരിവിനെ രസകരമായ ട്രോളിലൂടെ വിദ്യാര്‍ഥികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയാണ് സ്‌കൂളിലെ പ്രകാശ് മണികണ്ഠന്‍. അധ്യാപകനായ പ്രകാശ് മണികണ്ഠന്‍. വിദ്യാര്‍ഥികള്‍ക്ക് പഠിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ള പാഠഭാഗങ്ങളെല്ലാം സാമൂഹിക മാധ്യമങ്ങളിലെ ട്രോള്‍പോലെ രൂപപ്പെടുത്തിയെടുക്കുകയാണ് ഈ അധ്യാപകന്‍. തമാശപോലെ പാഠഭാഗങ്ങളെ വായിച്ച് മനസ്സിലിരുത്താന്‍ പാകത്തിലുള്ളതാണ് ഈ പഠനട്രോളുകള്‍.

വിദ്യാര്‍ഥികള്‍ക്ക് പഠനം ലളിതമാക്കാനും ആകര്‍ഷകമാക്കാനുമാണ് സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് വിഭാഗം ട്രോളുകളിലൂടെ നൂതന പഠനതന്ത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കോവിഡ് കാലത്തെ പഠനം രസകരമാക്കുകകൂടിയായിരുന്നു ട്രോളുകളിലൂടെ ലക്ഷ്യമിട്ടത്. സ്‌കൂളിലെ ഐ.ടി. കോഓര്‍ഡിനേറ്റര്‍ കൂടിയായ സോഷ്യല്‍ സയന്‍സ് വിഭാഗത്തിലെ അധ്യാപകനാണ് പ്രകാശ് മണികണ്ഠന്‍.പുതിയ പഠനരീതിക്ക് കുട്ടികളില്‍നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് അധ്യാപകര്‍ പറഞ്ഞു. ഇത്തരം പദ്ധതികളുമായി മുന്നോട്ടുപോകാന്‍തന്നെയാണ് സോഷ്യല്‍ സയന്‍സ് വിഭാഗത്തിലെ അധ്യാപകരുടെയും തീരുമാനം.

Content Highlights: innovative learning strategies through trolls