മലപ്പുറം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ ഉൾപ്പെടുന്ന വിദ്യാർഥികൾക്ക് ഫിഷറീസ് വകുപ്പ് നൽകുന്ന ഫിഷർമെൻ സ്കോളർഷിപ്പ് തുക വർധിപ്പിച്ചു. 2020 -21 അധ്യയനവർഷം വിദ്യാർഥികൾക്ക് വർധിപ്പിച്ച തുക ലഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ അറിയിച്ചു.

ഇതിനായി നേരത്തെ നൽകിയ അപേക്ഷകൾക്ക് പുറമെ വർധിപ്പിച്ച തുകയുടെ അപേക്ഷകൾ പൊതുവിദ്യാലയങ്ങളിലെ പ്രഥമാധ്യാപകരിൽനിന്നായി അതത് ജില്ലാ ഫിഷറീസ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർമാർ സ്വീകരിച്ചു. 190 രൂപയായിരുന്നു പ്രീപ്രൈമറി വിഭാഗത്തിലെ വിദ്യാർഥികൾക്ക് ലഭിച്ചിരുന്നത്. പുതുക്കിയ തുക പ്രകാരം 500 രൂപ ലഭിക്കും.

എൽ.പി. വിഭാഗം 320-ൽനിന്ന് 750 രൂപയായി. യു.പി. വിഭാഗം 630-ൽനിന്ന് 900 രൂപയായി. ഹൈസ്കൂൾ വിഭാഗം 940 ൽനിന്ന് 1000 രൂപയായി. ഹയർസെക്കൻഡറി വിഭാഗം 1130-ൽനിന്ന് 1400 രൂപയായും ബിരുദവിദ്യാർഥികൾക്ക് 1190-ൽനിന്ന് 1400 രൂപയായും പി.ജി. വിദ്യാർഥികൾക്ക് 1570-ൽനിന്ന് 1900 രൂപയായും വർധനവുണ്ട്.

ഇതിനുപുറമെ മെഡിക്കൽ വിദ്യാർഥികൾക്കും ഇടക്കാട് ശ്രീ ശങ്കരസംസ്കൃത വിദ്യാപീഠം, പുറനാട്ടുകര സംസ്കൃത വിദ്യാപീഠം, ബാലുശ്ശേരി ആദർശ് സംസ്കൃത വിദ്യാപീഠം എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർഥികൾക്കും നൽകിവരുന്ന സ്കോളർഷിപ്പും വർധിപ്പിച്ചിട്ടുണ്ട്.

Content Highlights: Increased scholarships for students from fishing families