ന്യൂഡൽഹി: വിവിധ ബോർഡുകൾ പരീക്ഷകൾ ഭാഗികമായി റദ്ദാക്കിയ സാഹചര്യത്തിൽ ഐ.ഐ.ടികളിലെ പ്രവേശനത്തിന് ഇത്തവണ പന്ത്രണ്ടാം ക്ലാസിൽ നിശ്ചിത ശതമാനം മാർക്ക് വേണമെന്ന നിബന്ധന ഒഴിവാക്കി. കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാൽ ട്വിറ്ററിൽ അറിയിച്ചതാണ് ഇക്കാര്യം.

ജെ.ഇ.ഇ മെയിൻ പരീക്ഷയ്ക്ക് ആദ്യത്തെ 2,50,000 സ്ഥാനങ്ങളിലെത്തുന്നവർക്ക് ജെ.ഇ.ഇ അഡ്വാൻസ്ഡ് എഴുതാം. ഇതിൽ ലഭിക്കുന്ന റാങ്ക് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നൽകുക. ഐ.ഐ.ടി പ്രവേശനത്തിന് പന്ത്രണ്ടാംക്ലാസിൽ 75 ശതമാനം മാർക്ക് വേണമെന്ന നിബന്ധന ഇത്തവണ ബാധകമായിരിക്കില്ല. പന്ത്രണ്ടാം ക്ലാസ് പാസാകുന്നവർ പ്രവേശനത്തിന് അർഹരായിരിക്കും.

കോവിഡ്-19 വ്യാപനത്തെത്തുടർന്ന് നേരത്തെ രണ്ടുതവണ മാറ്റിവെച്ച ജെ.ഇ.ഇ മെയിൻ സെപ്റ്റംബർ 1 മുതൽ 6 വരെ നടത്തുമെന്നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി ഒടുവിൽ അറിയിച്ചിരിക്കുന്നത്. സെപ്റ്റംബർ 27-നാണ് ജെ.ഇ.ഇ അഡ്വാൻസ്ഡ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ബോർഡുകൾക്ക് പുറമെ വിവിധ സംസ്ഥാനങ്ങളും ഇത്തവണ പരീക്ഷകൾ ഭാഗികമായി റദ്ദാക്കിയിരുന്നു.

Content Highlights: IITs To Drop Class 12 Marks Criteria For Admissions This Year