ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികളില്‍ (ഐഐടി) ബിരുദ കോഴ്‌സുകളിലെ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി നേരത്തെയുള്ള എക്‌സിറ്റ് ഓപ്ഷന്‍ തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നാല് വര്‍ഷത്തെ ബി.ടെക് ബിരുദത്തിന് പകരം ബി.എസ്‌സി. എന്‍ജിനീയറിങ് ബിരുദം നല്‍കുന്നതാണ് പദ്ധതി.

വെള്ളിയാഴ്ച ചേരുന്ന ഐഐടി കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയില്‍ ഇക്കാര്യം ചര്‍ച്ചയ്ക്കുണ്ടെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ 23 ഐഐടികളുടെയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച തീരുമാനമെടുക്കുന്ന ഐഐടി കൗണ്‍സിലിന് നേതൃത്വം നല്‍കുന്നത് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയമാണ്.

നിലവില്‍ ഐഐടികളില്‍ ബിരുദ പ്രോഗ്രാമുകളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് ബി.ടെക്. ബിരുദം ലഭിക്കുന്നതിന് എട്ട് സെമസ്റ്റര്‍ (നാല് വര്‍ഷം) പൂര്‍ത്തിയാക്കേണ്ടതുണ്ട്. എച്ച്ആര്‍ഡി നിര്‍ദേശമനുസരിച്ച് അക്കാദമിക് ദുര്‍ബലരായ വിദ്യാര്‍ഥികള്‍ക്ക് രണ്ടാം സെമസ്റ്ററിന് ശേഷം ബി.എസ്‌സി. (എന്‍ജിനീയറിങ്) തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കും. മൂന്ന് വര്‍ഷത്തിന് ശേഷം അവര്‍ക്ക് സ്ഥാപനത്തില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയിറങ്ങാം.

നിര്‍ദേശം അംഗീകരിച്ചാല്‍ നടപ്പ് അധ്യയന വര്‍ഷം മുതല്‍ ഐഐടികളില്‍ പദ്ധതി നടപ്പാക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഐടികളില്‍ ഉയര്‍ന്ന തോതില്‍ വിദ്യാര്‍ഥികള്‍ പാതിവഴില്‍ പഠനം നിര്‍ത്തുന്നതു സംബന്ധിച്ച ആശങ്കകള്‍ക്കിടയിലാണ് പുതിയ നീക്കം. 

മാനവവിഭവശേഷി വികസന മന്ത്രാലയം പാര്‍ലമെന്റില്‍ നല്‍കിയ കണക്കുകള്‍പ്രകാരം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 23 ഐഐടികളില്‍നിന്നായി 2,461 വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിച്ചു (ബിരുദ, ബിരുദാനന്തര തലങ്ങളില്‍). 782 പേര്‍ പഠനം നിര്‍ത്തിയ ഡല്‍ഹി ഐഐടിയാണ് പട്ടികയില്‍ ഒന്നാമത്. ഖരഗ്പൂര്‍ ഐഐടി-622, ബോംബെ ഐഐടി - 263, കാണ്‍പൂര്‍ ഐഐടി - 190, മദ്രാസ് ഐഐടി - 128 എന്നിങ്ങനെയാണ് മറ്റ് ഐഐടികളിലെ ഡ്രോപ്ഔട്ട് നിരക്ക്.

വിദ്യാര്‍ഥികളുടെ മോശം അക്കാദമിക് പ്രകടനം പഠനം അവസാനിപ്പിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നായി മാനവവിഭവശേഷി വികസന വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാല്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. തെറ്റായ ബ്രാഞ്ച് തിരഞ്ഞെടുക്കല്‍, വിദ്യാര്‍ഥികളുടെ അക്കാദമിക് പ്രകടനം എന്നിവയെല്ലാം കൊഴിഞ്ഞുപോക്കുകള്‍ക്ക് കാരണമാകുന്നതായി അദ്ദേഹം പറഞ്ഞു. 13,500 ഐഐടി സീറ്റുകളിലേക്കായി, വര്‍ഷത്തില്‍ രണ്ടുതവണ നടക്കുന്ന ജെഇഇ മെയിന്‍ പരീക്ഷയ്ക്ക് ഓരോ തവണയും ഒമ്പത് ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്യുന്നത്.

Content Highlights: IITs may allow weaker students to opt out in three years with a BSc degree