ന്യൂഡല്‍ഹി: ഐഐടികളില്‍ എംടെക് കോഴ്‌സുകള്‍ക്ക് ഫീസ് വര്‍ധനവിന് ഐഐടി കൗണ്‍സില്‍ വെള്ളിയാഴ്ച അംഗീകാരം നല്‍കി. ഐഐടികളിലെ എംടെക് പ്രോഗ്രാമിലെ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച മൂന്നംഗ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. 

നിലവില്‍ പ്രതിവര്‍ഷം 20,000 മുതല്‍ 50,000 രൂപ വരെയാണ് ഐഐടികളില്‍ എംടെക് കോഴ്‌സിന് ഈടാക്കുന്ന ഫീസ്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി എല്ലാ ഐഐടികളിലും ബിടെക് പ്രോഗ്രാമുകളിലേതിന് സമാനമായ ഫീസ് എംടെക് കോഴ്‌സുകള്‍ക്കും ഈടാക്കാനാണ് ശുപാര്‍ശ. പ്രതിവര്‍ഷം രണ്ട് ലക്ഷം രൂപയാണ് ബിടെക് കോഴ്‌സുകള്‍ക്ക് ഈടാക്കുന്ന ഫീസ്. 

നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) വഴിയോ വിദ്യാഭ്യാസ വായ്പകള്‍ അനുവദിക്കുന്നതിലൂടെയോ സര്‍ക്കാര്‍ നേരിട്ട് സഹായം നല്‍കാനും ഐഐടി കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്.

ഐഐടികളിലും ഐഐഎസ്‌സിയിലും ബിരുദാനന്തര ബിരുദ പഠനത്തിന് താല്‍പര്യമുള്ള അന്തര്‍ദ്ദേശീയ അപേക്ഷകര്‍ക്കായി ഐഐടി ബോംബെ വികസിപ്പിച്ച പൊതു പ്രവേശന പോര്‍ട്ടല്‍ മാനവശേഷി വികസന വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാല്‍ ഉദ്ഘാടനം ചെയ്തു.

ബിടെക് വിദ്യാര്‍ഥികള്‍ക്ക് നേരത്തെയുള്ള എക്‌സിറ്റ് ഓപ്ഷനും ഐഐടി കൗണ്‍സില്‍ യോഗത്തില്‍ അംഗീകാരമായി. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സില്‍നിന്ന് പുറത്താക്കപ്പെടുന്നതിനുപകരം രണ്ടാം സെമസ്റ്ററിന് ശേഷം ബിഎസ്‌സി പ്രോഗ്രാം ഉപയോഗിച്ച് എക്‌സിറ്റ് ഓപ്ഷന്‍ സ്വീകരിക്കാം.

Content Highlights: IITs Increase MTech Fees