ന്യൂഡല്‍ഹി: സാങ്കേതിക വിദ്യയില്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ക്കായി ഏഴ് പുതിയ കോഴ്‌സുകളൊരുക്കി റൂര്‍ക്കി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി). ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റാ സയന്‍സ്, ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ എന്നിവയില്‍ സ്‌പെഷ്യലൈസേഷനോടെ എന്‍ജിനിയറിങ്്, ആര്‍ക്കിടെക്ചര്‍, ഇക്കണോമിക്‌സ്, മാനേജ്‌മെന്റ് മേഖലകളില്‍ നിന്നുള്ള കോഴ്‌സുകളാണ് പുതിയതായി ആരംഭിക്കുന്നത്. 

ആറ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമും ഉള്‍പ്പെടുന്ന കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഈ അധ്യായന വര്‍ഷത്തിന്റെ രണ്ടാം പകുതി മുതല്‍ ആരംഭിക്കും. എം.ടെക് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), എം.ടെക്. (ഡേറ്റ സയന്‍സ്) സെന്റര്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ് (സി.എ.ഐ.ഡി.എസ്), എം.ഡിസ് (ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍), എം.ഐ.എം (മാസ്റ്റേഴ്‌സ് ഇന്‍ ഇന്നൊവേഷന്‍ മാനേജ്‌മെന്റ്) ഡിസൈന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍, ഓണ്‍ലൈന്‍ എം.ടെക്. (മൈക്രോ ഇലക്ട്രോണിക്‌സ് ആന്‍ഡ് വി.എല്‍.എസ്.ഐ) ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, എം.എസ് ഇക്കണോമിക്‌സ് (പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാം) എന്നിവയാണ് കോഴ്‌സുകള്‍. 

ഓണ്‍ലൈനായി സംഘടിപ്പിച്ച ചടങ്ങിലൂടെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റ് (ഡി.എസ്.ടി) സെക്രട്ടറി പ്രൊഫസര്‍ അശുതോഷ് ശര്‍മ്മ കോഴ്‌സുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഐ.ഐ.ടി റൂര്‍ക്കി ഡയറക്ടര്‍ പ്രൊഫസര്‍ അജിത് കെ. ചതുര്‍വേദിയും പങ്കെടുത്തു. 'ഈ പുതിയ അക്കാദമിക് പ്രോഗ്രാമുകളെല്ലാം നമ്മുടെ രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു. 

Content Highlights: IIT Roorkee introduces seven new academic programmes