ന്യൂഡല്‍ഹി: ഐഐടികളില്‍ എംടെക് കോഴ്‌സുകള്‍ക്ക് ഫീസ് വര്‍ധിപ്പിച്ച നടപടി നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ബാധകമാവില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം. വരുന്ന അധ്യയന വര്‍ഷത്തില്‍ പുതുതായി കോഴ്‌സിനു ചേരുന്നവര്‍ക്കായിരിക്കും ഫീസ് വര്‍ധന ബാധകമാവുക. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്നവര്‍ക്ക് ഫീസില്‍ ഇളവ് നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

എസ്.സി., എസ്.ടി., ഒ.ബി.സി വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നിലവിലുള്ള ഫീസ് ഇളവുകളും സ്‌കോളര്‍ഷിപ്പുകളും തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ഥികള്‍ പാതിവഴിയില്‍ കോഴ്‌സ് ഉപേക്ഷിച്ചുപോകുന്ന പതിവ് ഇല്ലാതാക്കുകയാണ് ഫീസ് വര്‍ധനയ്ക്ക് പിന്നിലുള്ള കാരണമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ബി.ടെക് കോഴ്‌സുകള്‍ക്ക് തുല്യമായ ഫീസ് എംടെക് കോഴ്‌സുകള്‍ക്കും ഏര്‍പ്പെടുത്താന്‍ വെള്ളിയാഴ്ച ചേര്‍ന്ന ഐഐടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായിരുന്നു. ഇതോടെ എംടെക് കോഴ്‌സുകളുടെ ഫീസ് പ്രതിവര്‍ഷം രണ്ട് ലക്ഷമായി ഉയരും. മൂന്ന് വര്‍ഷത്തിനകം ഘട്ടംഘട്ടമായി ഫീസ് ഉയര്‍ത്താനാണ് ഐഐടി കൗണ്‍സിലിന്റെ നിര്‍ദേശം.

Also Read: ഐഐടികളില്‍ എംടെക് ഫീസ് കുത്തനെ കൂട്ടി; പത്ത് ഇരട്ടിയോളം വര്‍ധന

Content Highlights: IIT Fee Hike Not For Existing Students: MHRD