കോഴിക്കോട്: മികവിന്റെ കേന്ദ്രമായ കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന് (ഐ.ഐ.എം.) മൂന്നുവർഷമായി സ്ഥിരം ഡയറക്ടറില്ല. കേരളത്തിലെ ഏക ഐ.ഐ.എമ്മാണിത്. ഇത്രയും നീണ്ടകാലം ഡയറക്ടർസ്ഥാനം ഒഴിഞ്ഞുകിടന്ന മറ്റൊരു ഐ.ഐ.എമ്മും രാജ്യത്തില്ല.

ഡോ. ദേബാശിഷ് ചാറ്റർജി 2014 ഏപ്രിൽ 30-ന്‌ സ്ഥാനമൊഴിഞ്ഞശേഷം പകരം നിയമനം നടന്നിട്ടില്ല. നാലുമാസം അദ്ദേഹത്തിനുതന്നെ ഡയറക്ടറുടെ ചുമതല നീട്ടിനൽകിയിരുന്നു. 2014 സെപ്റ്റംബർ മുതൽ സാന്പത്തികവിഭാഗത്തിലെ കുൽഭൂഷൺ ബലൂണിക്കാണ് ഡയറക്ടറുടെ അധികചുമതല. 

നടപടിക്രമങ്ങൾ അവസാനഘട്ടം വരെയെത്തിയിട്ടും സ്ഥിരംഡയറക്ടറുടെ നിയമനം നടക്കുന്നില്ലെന്നതാണ് സ്ഥിതി. പരിഗണിക്കാവുന്ന മൂന്നുപേരടങ്ങുന്ന പട്ടികയാണ് സാധാരണ പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിതല സമിതിക്കുമുമ്പാകെയെത്തുക. സെർച്ച് കം സെലക്ഷൻ കമ്മിറ്റി കണ്ടെത്തിയ പേരുകൾ മാനവവിഭവശേഷി മന്ത്രാലയത്തിന്‌ കൈമാറുകയാണ് പതിവ്. ഈ പേരുകളാണ് അന്തിമനിയമനത്തിന് മന്ത്രിതലസമിതി പരിഗണിക്കുക. 

കോഴിക്കോട് ഐ.ഐ.എമ്മിലേക്ക് ഇതിനോടകം മൂന്നുതവണ അപേക്ഷ ക്ഷണിക്കുകയും രണ്ടുതവണ അഭിമുഖം നടത്തുകയും ചെയ്തു. യു.പി.എ. സർക്കാരിന്റെകാലത്ത് തയ്യാറാക്കിയ പട്ടികയിൽനിന്ന്‌ നിയമനം നടത്താതെ പുതിയ പട്ടികയുമുണ്ടാക്കി. എന്നാൽ, അതിൽനിന്നും നിയമനം നടത്താതെ വീണ്ടും അപേക്ഷ ക്ഷണിച്ചു. മുൻഡയറക്ടർ ഡോ. ദേബാശിഷ് ചാറ്റർജിയുടെ പേരുകൂടി ഉൾപ്പെട്ടതാണ് ഒഴിവാക്കിയ ഒടുവിലത്തെ പട്ടിക. 

നേരത്തെ 14 ഐ.ഐ.എമ്മുകളിൽ ഡയറക്ടർപദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. അതിൽ പത്തിടത്ത് നിയമനം നടത്തി. കോഴിക്കോട് ഐ.ഐ.എമ്മിന്റെ കൊച്ചി കാമ്പസിന്റെ വികസനപ്രവർത്തനങ്ങൾക്ക് സ്ഥിരം ഡയറക്ടറില്ലാത്തത് തിരിച്ചടിയാവുകയാണ്. കോഴിക്കോട്ടുതന്നെ  പുതിയ പരിപാടികളോ വികസനപദ്ധതികളോ ആവിഷ്കരിക്കാനാവുന്നില്ല.