കുന്ദമംഗലം: സമ്മര്‍ പ്ലേസ്മെന്റ് 100 ശതമാനവും പൂര്‍ത്തിയാക്കി കോഴിക്കോട് ഐ.ഐ.എം. ഒന്നാംവര്‍ഷ െറഗുലര്‍ എം.ബി.എ. വിദ്യാര്‍ഥികള്‍ക്കും ഈ വര്‍ഷം പുതുതായി തുടങ്ങിയ പി.ജി.പി. ലിബറല്‍ സ്റ്റഡീസ് ആന്‍ഡ് മാനേജ്മെന്റ്, പി.ജി.പി. ഫിനാന്‍സ് വിദ്യാര്‍ഥികള്‍ക്കുമാണ് പ്ലേസ്മെന്റ് ലഭിച്ചത്.

മൂന്ന് ബാച്ചിലെയും 541 കുട്ടികള്‍ക്കാണ് പ്ലേസ്മെന്റായത്. ഇതില്‍ 52 ശതമാനവും പെണ്‍കുട്ടികളാണ്. 40 ശതമാനം എന്‍ജിനിയറിങ് ഇതര വിദ്യാര്‍ഥികളാണ്. ഓഫറുകള്‍ കിട്ടിയ വിദ്യാര്‍ഥികള്‍ മേയ്, ജൂണ്‍ മാസങ്ങളില്‍ അതത് കമ്പനികളില്‍ ഇന്റേണ്‍ഷിപ്പിന് ചേരും. 144 കമ്പനികളാണ് എത്തിയത്. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഓട്ടോ, കോള്‍ഗേറ്റ് പാമോലിവ്, ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ്ഗ്രൂപ്പ്, സിറ്റിബാങ്ക്, മൈക്രോസോഫ്റ്റ്, ടാറ്റാ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്, സാംസങ്, പിഡിലൈറ്റ്, വോഡഫോണ്‍ തുടങ്ങിയ പ്രമുഖ കമ്പനികളാണ് ഓണ്‍ലൈന്‍ വഴിയുള്ള പ്ലേസ്മെന്റിന് എത്തിയത്.

3.2 ലക്ഷം രൂപയാണ് രണ്ടുമാസത്തേക്കുള്ള ഏറ്റവും ഉയര്‍ന്ന സ്‌റ്റൈപ്പന്‍ഡ് തുക. 50 ശതമാനം വിദ്യാര്‍ഥികള്‍ ശരാശരി 2.6 ലക്ഷം രൂപ സ്‌റ്റൈപ്പന്‍ഡ് നേടി. ഇന്റേണ്‍ഷിപ്പ് കാലയളവില്‍ ശരാശരി സ്‌റ്റൈപ്പന്‍ഡ് 1.88 ലക്ഷം രൂപയാണ്. കോവിഡ് പടരുന്ന സാഹചര്യത്തിലും വെല്ലുവിളി നിറഞ്ഞ ബിസിനസ് അന്തരീക്ഷത്തിനിടയിലും വിശാലമായ ഓഫറുകള്‍ നേടാനുള്ള കഴിവ് ഒരു മികച്ച ബി-സ്‌കൂളിന്റെ മുഖമുദ്രയാണെന്ന് പ്ലേസ്മെന്റ് റാപ് പ്രഖ്യാപിച്ചശേഷം ഐ.ഐ.എം. ഡയറക്ടര്‍ പ്രൊഫ. ദേബാശിഷ് ചാറ്റര്‍ജി പറഞ്ഞു. ഫൈനല്‍ പ്ലേസ്മെന്റ് ജനുവരിയില്‍ പ്രഖ്യാപിക്കും.

Content Highlights: IIM Kozhikode completes summer placement, highest stipend is 3.2 lakh rupees