കോട്ടയം: സ്വാശ്രയ കോളേജുകളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം കിട്ടിയില്ല. ഈ നില തുടര്‍ന്നാല്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ ബഹിഷ്‌കരിക്കേണ്ടിവരുമെന്ന് സെല്‍ഫ് ഫിനാന്‍സ് കോളേജ് ടീച്ചേഴ്സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ അറിയിച്ചു.

1000-ത്തോളം സ്ഥാപനങ്ങളും അറുപതിനായിരം ജീവനക്കാരും ഉണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഒരാഴ്ചയ്ക്കകം ശമ്പളം നല്‍കണമെന്ന് മാനേജ്‌മെന്റുകളോട് ആവശ്യപ്പെട്ടതാണ്. എന്നിട്ടും പരിഹാരമുണ്ടായില്ല. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ശമ്പളമാണ് കിട്ടാനുള്ളത്. വിദ്യാര്‍ഥികളില്‍നിന്ന് ഫീസ് പിരിച്ചിരുന്നു. സര്‍വകലാശാലകള്‍ നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ ഓണ്‍ലൈന്‍ ക്ലാസുകളും അധ്യാപകര്‍ നടത്തുന്നുണ്ട് .

ശമ്പളം കോളേജുകള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സര്‍വകലാശാലകള്‍ക്കുണ്ടെന്ന് സെല്‍ഫ് ഫിനാന്‍സ് കോളേജ് ടീച്ചേഴ്സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. എ.അബ്ദുള്‍ വഹാബ് അറിയിച്ചു.

Content Highlights: If salary not paid online classes will be boycotted say teachers in self financing colleges, lockdown, corona outbreak