ന്യൂഡല്‍ഹി:ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ICSI) നടത്തുന്ന കമ്പനി സെക്രട്ടറീസ് എക്സിക്യൂട്ടീവ് എന്‍ട്രന്‍സ് പരീക്ഷ(CSEET 2021)യുടെ ഹാള്‍ടിക്കറ്റ് icsi.edu. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. രജിസ്‌ട്രേഷന്‍ നമ്പറോ ജനനത്തീയതിയോ നല്‍കി ഉദ്യോഗാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. മെയ് 8-നാണ് പരീക്ഷ. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ റിമോട്ട് പ്രോക്ടേര്‍ഡ് മോഡ് സംവിധാനം ഉപയോഗപ്പെടുത്തിയാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 

ലാപ്‌ടോപ്പ്, ഡെസ്‌ക്ടോപ് എന്നിവ ഉപയോഗിച്ച് വീട്ടിലോ സൗകര്യമുള്ള മറ്റു സ്ഥലങ്ങളിലോ ഇരുന്ന് ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കും. 200 മാര്‍ക്കില്‍ നടത്തുന്ന പരീക്ഷയുടെ ദൈര്‍ഘ്യം രണ്ട് മണിക്കൂറാണ്.

ബിസിനസ് കമ്മ്യൂണിക്കേഷന്‍, ലീഗല്‍ ആപ്റ്റിറ്റിയൂഡ്, ലോജിക്കല്‍ റീസണിംഗ്, എക്കണോമിക്, ബിസിനസ് എന്‍വയോണ്‍മെന്റ് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങള്‍. ഒപ്പം കറന്റ് അഫയേഴ്‌സ് ചോദ്യങ്ങളും ഉണ്ടാകും. പരീക്ഷയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിക്കാന്‍ കഴിയാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷാത്തീയതി ജൂലൈ സെഷനിലേക്ക് നീട്ടാനുള്ള അവസരവും നല്‍കിയിരിക്കുന്നു. മെയ് 3നകം നിര്‍ദ്ദേശിച്ചിരിക്കുന്ന മാതൃകയില്‍ ഒരു അപേക്ഷ ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിക്കേണ്ടതാണ്. 

Content highlights : icsi cseet entrance exam 2021 admit card released