ന്യൂഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസ്സുകളുടെ (ഐ.സി.എസ്.ഇ, ഐ.എസ്.സി) പരീക്ഷാഫലം ശനിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് പ്രഖ്യാപിക്കുമെന്ന് കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് (സി.ഐ.എസ്.സി.ഇ). 

cisce.org, results.cisce.org എന്നീ വെബ്‌സൈറ്റുകള്‍ വഴി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഫലം പരിശോധിക്കാം.  കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷ സി.ഐ.എസ്.സി.ഇ റദ്ദാക്കിയിരുന്നു. ഇന്റേണല്‍ അസെസ്‌മെന്റ് വഴിയാണ് വിദ്യാര്‍ഥികളുടെ ഫലം തയ്യാറാക്കിയത്. ഏകദേശം മൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഫലത്തിനായി കാത്തിരിക്കുന്നത്. 

ഉത്തരക്കടലാസ് വീണ്ടും പരിശോധിക്കാന്‍ സാധിക്കില്ലെന്നും പരീക്ഷാഫലത്തില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അതു സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള അപേക്ഷ തയ്യാറാക്കി സ്‌കൂളില്‍ സമര്‍പ്പിക്കണമെന്നും സി.ഐ.എസ്.സി.ഇ അറിയിച്ചു. ഇത്തരത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ സ്‌കൂളുകള്‍ വിലയിരുത്തിയ ശേഷം അവയില്‍ സാധുവായവ മാത്രം സി.ഐ.എസ്.സി.ഇയ്ക്ക് സമര്‍പ്പിക്കണമെന്നും ബോര്‍ഡ് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

Content Highlights: ICSE, ISC results will be announced tomorrow