ന്യൂഡല്‍ഹി: വര്‍ഷത്തില്‍ രണ്ട് തവണ ഓണ്‍ലൈനായി നടത്തുന്ന രീതിയില്‍ നീറ്റ് പരീക്ഷ പുനക്രമീകരിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം പിന്മാറുന്നു. 

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ചൊവ്വാഴ്ച പുറത്തിറക്കിയ നോട്ടിഫിക്കേഷന്‍ പ്രകാരം ഇതുവരെ നടത്തിയിരുന്നതു പോലെ തന്നെ പെന്‍-ആന്റ്-പേപ്പര്‍ മോഡില്‍ 2019 മെയ് 5ന് നീറ്റ് പരീക്ഷ നടക്കും. 

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അഭ്യര്‍ഥന പ്രകാരമാണ് കഴിഞ്ഞ തവണത്തേത് പോലെതന്നെ നീറ്റ് പരീക്ഷ ഇത്തവണയും നടത്താന്‍ തീരുമാനിച്ചതെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. എന്നാല്‍ അഭ്യര്‍ഥനയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. 

ഇക്കഴിഞ്ഞ ജൂലായിലാണ് ജെ.ഇ.ഇ, നീറ്റ് പരീക്ഷകളില്‍ വന്‍ അഴിച്ചുപണികള്‍ നടത്തി പരിഷ്‌കരിച്ച രീതിയില്‍ ഓണ്‍ലൈനായി നടത്താനുള്ള പദ്ധതിയുമായി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ രംഗത്ത് വന്നത്. 

നീറ്റ് പരീക്ഷ വര്‍ഷത്തില്‍ രണ്ട് തവണ നടത്തുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദം അതിജീവിക്കാനുള്ള വിദ്യാര്‍ഥികളുടെ മാനസികാവസ്ഥ പരിഗണിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യര്‍ഥിച്ചതു പ്രകാരമാണ് ഒരു തവണയാക്കി നിജപ്പെടുത്തിയതെന്ന് സൂചനകളുണ്ട്.

Content Highlights: HRD Ministry decides against conducting NEET online, twice a year