ന്യൂഡൽഹി: കോവിഡ്-19 വ്യാപനം തടയുന്നതിനായി രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്കായി പുതിയ പോർട്ടലുമായി മാനവ വിഭവശേഷി മന്ത്രാലയം. ലോക്ക്ഡൗണിനെത്തുടർന്ന് വിദ്യാർത്ഥികൾ എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിൽ അത് ഈ പോർട്ടലിലൂടെ അറിയിക്കാമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാൽ നിഷാങ്ക് അറിയിച്ചു.

ആൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എജ്യുക്കേഷനിലെ (എഐസിടിഇ) രണ്ട് വിദ്യാർഥികളാണ് ഈ പോർട്ടൽ വികസിപ്പിച്ചത്. സഹായം ആവശ്യമുള്ള വിദ്യാർഥികളിലേക്ക് അതെത്തിക്കാനാണ് പോർട്ടൽ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.

ഭക്ഷണം, താമസം, ഓൺലൈൻ ക്ലാസ്സുകൾ, പരീക്ഷകൾ, സ്കോളർഷിപ്പ്, ആരോഗ്യം, ഗതാഗതം, ശാരീരിക-മാനസിക പീഡനം തുടങ്ങി വിവിധ വിഷയങ്ങളിൽ വിദ്യാർഥികൾക്ക് സഹായം ആവശ്യപ്പെടാം.

നിലവിൽ രാജ്യത്തെ 6500-ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പോർട്ടലുമായി സഹകരിക്കാമെന്നേറ്റ് രംഗത്ത് വന്നിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.https://helpline.aicte-india.org എന്ന വിലാസത്തിലൂടെ പോർട്ടലിലെത്താം.

Content Highlights: HRD Ministry launches new portal to disscuss students difficulties during lockdown