ന്യൂഡല്‍ഹി: പുതിയ സ്‌കൂളുകള്‍ക്ക് സി.ബി.എസ്.ഇ അംഗീകാരം നേടുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം മാറ്റം വരുത്തി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നടപടി. കായിക പരിശീലനം പോലുള്ള കാര്യങ്ങള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ളതാവും പുതിയ പരിഷ്‌കരണമെന്ന് മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. 

സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും അനുമതി പത്രം നേടിക്കൊണ്ടു മാത്രമുള്ള സി.ബി.എസ്.ഇ അംഗീകാരം ഇനിമുതല്‍ നടപ്പാകില്ല. സംസ്ഥാനങ്ങള്‍ക്ക് പകരം ജില്ലാ വിദ്യാഭ്യാസ ഓഫീസറാകും ഇനിമുതല്‍ സ്‌കൂളുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുക. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ബോര്‍ഡ് അംഗീകാരം നല്‍കുക. 

നടപടി ക്രമങ്ങള്‍ കൂടുതല്‍ വേഗത്തിലും സുതാര്യമായും നടപ്പാക്കാന്‍ സി.ബി.എസ്.ഇ ബൈലോ പരിഷ്‌കരിക്കും. ഇതിനായി നടപടി ക്രമങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കും. ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുന്ന സ്‌കൂളുകളില്‍ ഏകീകൃത ഫീസ് ഘടന നടപ്പാക്കും. യൂണിഫോമും പുസ്തകങ്ങളും ഏതെങ്കിലും പ്രത്യേക വ്യാപാര സ്ഥാപനത്തില്‍നിന്നും വാങ്ങാന്‍ സ്‌കൂളുകള്‍ നിര്‍ദേശിക്കാന്‍ പാടില്ലെന്നും ജാവദേക്കര്‍ പറഞ്ഞു. 

നിലവില്‍ രാജ്യമൊട്ടാകെ സി.ബി.എസ്.ഇ അംഗീകാരമുള്ള 20,700 സ്‌കൂളുകളുണ്ടെന്നും ഓരോ വര്‍ഷവും പുതിയ സ്‌കൂളുകള്‍ ആരംഭിക്കാനായി 2000 മുതല്‍ 2500 വരെ അപേക്ഷകള്‍ ബോര്‍ഡിന് മുമ്പാകെ വരുന്നുണ്ടെന്നും ജാവദേക്കര്‍ അറിയിച്ചു. 2007 മുതല്‍ 8000ത്തോളം അപേക്ഷകള്‍ അനുമതി കാത്ത് കിടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.