Studentsന്യൂഡല്‍ഹി: വിദേശ വിദ്യാര്‍ഥികള്‍ക്ക് ഐഐടികളിലെ എന്‍ജിനീയറിങ് കോഴ്‌സുകള്‍ക്ക് പ്രവേശനം നല്‍കാന്‍ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം അനുമതി നല്‍കി. ബിരുദ തലത്തില്‍ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷനും (ജെഇഇ), ബിരുദാനന്തര, പിഎച്ച്ഡി കോഴ്‌സുകള്‍ക്ക് ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങും (ഗേറ്റ്) എഴുതി വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടാമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കി. 

നിലവില്‍ വിദേശ വിദ്യാര്‍ഥികള്‍ ഐഐടികളില്‍ പഠിക്കുന്നത് വിദേശ രാജ്യങ്ങളുമായുള്ള സാംസ്‌കാരിക വിനിമയത്തിന്റെയും ധാരണാപത്രത്തിന്റെയും അടിസ്ഥാനത്തിലാണ്. ബിരുദ കോഴ്‌സുകള്‍ക്ക് വിദ്യാര്‍ഥിയുടെ ഗ്രാജുവേറ്റ് റിക്കാര്‍ഡ് എക്‌സാമിനേഷന്‍ (ജിആര്‍ഇ) അടിസ്ഥാനമാക്കിയാണ് പ്രവേശനം നല്‍കുന്നത്. 

എന്നാല്‍, എന്‍ജിനീയറിങ് കോഴ്‌സുകള്‍ക്ക് ഇതൊഴിവാക്കി ജെഇഇ, ഗേറ്റ് പരീക്ഷകളിലൂടെ പ്രവേശനം നല്‍കാനാണ് തീരുമാനം. മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി മൊമ്മറാണ്ടം പുറപ്പെടുവിച്ച് ഈ വര്‍ഷം തന്നെ പ്രവേശനം നടത്താന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയും ഐഐടി കൗണ്‍സിലിന്റെ ചെയര്‍പെഴ്‌സണുമായ സ്മൃതി ഇറാനി നിര്‍ദേശം നല്‍കി. ഐഐടികളിലെ സീറ്റ് വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. 

സര്‍ക്കാരിന് കൂടുതല്‍ സാമ്പത്തിക ബാധ്യത വരാത്ത രീതിയില്‍ വിദേശ വിദ്യാര്‍ഥികളില്‍ നിന്ന് ഫീസിനത്തില്‍ മുഴുവന്‍ തുകയും വാങ്ങാനാണ് നിര്‍ദേശം. ഐഐടിയെ രാജ്യാന്തര തലത്തിലേക്ക് ഉയര്‍ത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

പ്രവേശനം നേടുന്ന വിദ്യാര്‍ഥികളില്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഫെലോഷിപ്പുകള്‍ നല്‍കുന്നകാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിസിആര്‍) എന്നിവയുടെ പരിഗണനയിലാണ്. 

വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിലൂടെ അര്‍ഹരായ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സീറ്റ് നിഷേധിക്കരുതെന്ന് മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ പ്രവേശന പരീക്ഷ നടത്തേണ്ട ചുമതല  ഐഐടി ബോംബെയ്ക്കാണ്. സാര്‍ക്ക്, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കും.